Wednesday, 28 July 2010

മഴ

മഴ പെയ്യുന്നു...
അശാന്തമായി.
കൊടുങ്കാറ്റും,മിന്നലും
ഇടിമുഴക്കവും....
മഴയേകിയ സ്വപ്നങ്ങളില്‍
മണ്ണില്‍ ജീവന്റെ പുതു സൃഷ്ടി.
മഴയുടെ രൌദ്രഭാവത്തില്‍
മണ്ണില്‍ ജീവന്റെ വിലാപം.
മഴയുടെ നനവുള്ള രാത്രികളില്‍
ജനലഴികളുടെ തണുപ്പില്‍
മുഖം ചേര്‍ത്ത്
എന്തിനെന്നറിയാതെ
അന്ധകാരത്തിന്റെ ശൂന്യതയില്‍
ആരെയോ പ്രതീക്ഷിച്ച മനസ്സ്!
മഴയുടെ രൌദ്രത
മനസ്സിലേക്കും..
ഭ്രാന്തമായ പൊട്ടിച്ചിരികളും,
നിലക്കാത്ത അലറികരച്ചിലും-
മനസ്സില്‍ രുദ്ര താണ്ടവം!
ചിന്തകളില്‍ നിന്നും
ഉടലെടുത്ത കഴുകന്മാര്‍
തലച്ചോര്‍ കൊത്തിയെടുക്കുന്നു.
വേദന-സപ്ത നാഡികളും
നിശ്ചലമാക്കപ്പെടുന്നു.
രാവെന്നോ പകലെന്നോ
അറിയാതെ നാളുകള്‍
ഒടുവില്‍ എപ്പോഴോ
എല്ലാം ശാന്തം.
മഴയും മനസ്സും വീണ്ടും..
ലാസ്യത്തിന്റെ ആലസ്യത്തിലേക്ക്.

Thursday, 24 June 2010

അമ്മയും അമ്മൂമ്മയും പിന്നെ വി.വിയും!!

ഞാന്‍ മുന്‍പൊരു പോസ്റ്റില്‍ പറഞ്ഞത് പോലെ എന്റെ ഓരോ ദിവസവും ആരംഭിക്കുന്നത് നാട്ടിലേക്കുള്ള ഫോണ്‍ വിളിയിലൂടെയാണ്.പ്രഭാത ഭക്ഷണം ഉണ്ടാക്കി അതെടുത്തു ലാപ്ടോപ് നു മുന്നില്‍ വെച്ച് മാതൃഭുമിയുടെ വെബ്‌ പേജ് തുറന്നു വെക്കുകയും ചെയ്‌താല്‍ നാട്ടിലേക്കുള്ള ഫോണ്‍ വിളിയുടെ പശ്ചാത്തലം റെഡി ആയി.പിന്നെ മുഴവന്‍ കലപില കലപില തന്നെ.അമ്മയോട് സംസാരിക്കാതെ ഒരു ദിവസം തുടങ്ങുന്നത് എനിക്ക് ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ്.അതിങ്ങനെ വലിയ തടസങ്ങള്‍ ഒന്നും ഇല്ലാതെ തുടര്‍ന്ന് കൊണ്ടിരുന്നു.പക്ഷെ ഈയിടെ നടന്ന ഒരു സംഭവം എന്നെ ഞെട്ടിച്ചു കളഞ്ഞു.അതിന്റെ ഷോക്കില്‍ ഞാന്‍ ബൂലോകം തന്നെ മറന്നു പോയി.

പല റിയാലിറ്റി ഷോകളും ടെലിവിഷനില്‍ ഉണ്ടെങ്കിലും അതൊന്നും കണ്ടിരിക്കാന്‍ ഉള്ള ക്ഷമ എനിക്കുന്ടാവാറില്ല.അതൊക്കെ അതിന്റെ വഴിക്കും ഞാന്‍ എന്റെ വഴിക്കും!കാര്യത്തിലേക്ക് വരാം.പതിവ് പോലെ ഞാന്‍ വീട്ടിലേക്കുള്ള ഫോണ്‍ വിളിയുടെ പശ്ചാത്തലം ശരിയാക്കി.(ഫോണ്‍ ഫ്രീ ആയതു കൊണ്ട് ദിവസവും വിളിച്ചു വീട്ടുകാരെ ഞാന്‍ കഷ്ടപ്പെടുത്താരുണ്ട്).ഒന്ന് രണ്ടു റിംഗ് നു ശേഷം മാതാവ് ഫോണ്‍ എടുക്കുകയും ചെയ്തു.അന്നെന്തോ പതിവില്ലാതെ ഞാന്‍ കുറച്ചു വൈകിയാണ് വിളിച്ചത്.ഫോണ്‍ വിളിയില്‍ ഉടനീളം അമ്മക്കെന്തോ ഒരു ധൃതി ഉള്ളതായി എനിക്ക് അനുഭവപ്പെട്ടു.ഞാന്‍ വിചാരിച്ചു മഴക്കാലം ഒക്കെ അല്ലെ..വല്ല ഇടിയോ മിന്നലോ ഒക്കെ ഉള്ളത് കൊണ്ട് ഫോണെടുക്കാന്‍ ഭയം ആയിരിക്കും എന്ന്!ഞാന്‍ എന്റെ കലപില തുടര്‍ന്ന് കൊണ്ടിരുന്നു.പെട്ടെന്നാണ് അത് സംഭവിച്ചത്.അമ്മ പറയുന്നു.."വേറൊന്നും ഇല്ലല്ലോ..എങ്കില്‍ നാളെ സംസാരിക്കാം...ഇപ്പോള്‍ വി.വി യുടെ പാട്ടുണ്ട്."ഞാന്‍ ഞെട്ടി.ഇതേതു പുതിയ പാര."വി വി...ആരാണത്?"ഞാന്‍ ചോദിച്ചു.അത്രയും കേള്‍ക്കാന്‍ നില്‍ക്കാതെ അമ്മ ഫോണ്‍ വെച്ചു.ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഇലെ പുതിയ ഒരു സ്റ്റാര്‍ ആണെന്ന് പിന്നീട് ഞാന്‍ നടത്തിയ അന്വേഷണത്തില്‍ മനസിലായി.പോട്ടെ....അമ്മയില്ലെന്കിലെന്താ നമുക്ക് കത്തി വെക്കാന്‍ അമ്മൂമ്മയുണ്ടല്ലോ.ഞാന്‍ ആശ്വസിച്ചു.ആദ്യത്തെ വിളിയുടെ ക്ഷീണം മാറ്റാന്‍ അമ്മൂമ്മയെ വിളിച്ചു.ദേ....ഞാന്‍ പിന്നേം ഞെട്ടി.അവിടെയും വി.വി.തന്നെ താരം!..പോട്ടെ വലിയമ്മയെ വിളിക്കാം...അവിടെ ഫോണ്‍ എടുത്തത്‌ തന്നെ കസിന്റെ മകനാണ്.ആളെ അന്വേഷിച്ചപ്പോള്‍ അമ്മൂമ്മയും അപ്പൂപ്പനും മുകളില്‍ ഇരുന്നു ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കാണുന്നു എന്ന് പറഞ്ഞു.പിള്ളേരുടെ ഉപദ്രവം കാരണം ഈ പരിപാടി കാണാന്‍ പറ്റാത്തത് കൊണ്ട് മുകളിലത്തെ നിലയില്‍ വേറെ ടെലിവിഷന്‍ ഒരെണ്ണം വാങ്ങി വെച്ചുവത്രേ!ഇത്രേം ഒക്കെ ആയപ്പോള്‍ എനിക്ക് നാട്ടിലെ "സംഗതികളുടെ" ഒരു ഏകദേശ ധാരണ കിട്ടി.അതിനു ശേഷം ഞാന്‍ ഫോണ്‍ വിളി പരിപാടി കുറച്ചു കൂടെ നേരത്തെയാക്കി.എന്നാലും, ഒന്നോര്തിട്ടു സഹിക്കുന്നില്ല..വീട്ടിലെ താരമായിരുന്ന എന്നെ വി.വി.യും ഏഷ്യാനെറ്റ് ഉം ചേര്‍ന്ന് വെറും ചാരമാക്കി കളഞ്ഞല്ലോ...എന്നാലും വി.വി...എന്നോടിത് വേണ്ടായിരുന്നു.!!

Thursday, 10 June 2010

ആവര്‍ത്തനം

നിറഞ്ഞ മിഴിക്കും
മറഞ്ഞ കാഴ്ചയ്ക്കും
ഇടയില്‍...
മഴത്തുള്ളികള്‍.
തീവ്ര പ്രണയത്തിന്റെയും,
വിലപിക്കുന്ന വിരഹത്തിന്റെയും,
അസ്തമിക്കുന്ന ജീവന്റെയും,
ചോരത്തുള്ളികള്‍...
പ്രണയവും വിരഹവും
ആത്മാവിനെ കാര്‍ന്നു തിന്നിട്ടും..
ഇന്നലെകളില്ല്ലാതെ,
എന്റെ ജീവനും
നിന്റെ പ്രതീക്ഷയും
വീണ്ടും പ്രണയത്തില്‍...

Friday, 21 May 2010

ഒരു ചോക്ക് വരുത്തിയ പൊല്ലാപ്പ്!

എനിക്ക് ഈ പോസ്റ്റിനുള്ള പ്രേരണ കിട്ടിയത് സിനുവിന്റെ ബ്ലോഗിലെ 'നിരപരാധി' എന്ന പോസ്റ്റില്‍ നിന്നാണ്.ആ പോസ്റ്റ്‌ എന്നെ ടീച്ചിംഗ് പ്രാക്ടീസ് ചെയ്ത കാലം ഓര്‍മിപ്പിച്ചു.ഒരു സര്‍ക്കാര്‍ സ്കൂളില്‍ ആയിരുന്നു പരിശീലനം.പഠിപ്പിച്ചിരുന്നത് എട്ടാം ക്ലാസ്സിലെയും ഒന്‍പതാം ക്ലാസ്സിലെയും കുട്ടികളെയാണ്. വിഷയം ആംഗലേയം ആയിരുന്നു.അപ്പോള്‍ പിന്നെ പറയേണ്ടതില്ലല്ലോ.കുട്ടികള്‍ക്കാനെങ്കില്‍ എ,ബി,സി,ഡി,....പോലും മുഴുവനായി അറിയില്ല.എനിക്കാണെങ്കില്‍ മുന്‍കോപം ഇത്തിരി കൂടുതലും!!പോരെ പൂരം.മൊത്തത്തില്‍ എന്റെ ക്ലാസുകള്‍ ബഹളമയം.എന്റെ ശബ്ദം പിള്ളേരുടെ ശബ്ദത്തില്‍ മുങ്ങിപ്പോകും പലപ്പോഴും.ക്ലാസ്സുകള്‍ കഴിയുമ്പോള്‍ എനര്‍ജി കിട്ടാനായി വീണ്ടും ഹോര്‍ലിക്ക്സ് കുടിക്കേണ്ടി വരുന്ന അവസ്ഥ.ആദ്യ ക്ലാസ്സില്‍ തന്നെ കോമഡി പറഞ്ഞത് കൊണ്ട് പിള്ളേര്‍ക്ക് എന്നെ അത്ര ബഹുമാനം പോരാ.ഞാനും അവരുടെ പ്രായത്തിലുള്ള ഒരു കുട്ടിയാണ് എന്നാണ് ധാരണ.അത് കൊണ്ട് തന്നെ ഒഴിവുള്ള സമയങ്ങളില്‍ എന്നെ വിളിക്കാന്‍ ഒരു സംഘം തന്നെ സ്റ്റാഫ്‌ റൂമില്‍ എത്തും.ഇംഗ്ലീഷ് നെ വെറുത്തിരുന്ന കുട്ടികളുടെ ഈ മാറ്റം എന്നെ പോലും ഞെട്ടിപ്പിച്ചു.അവര്‍ ഇഷ്ടപ്പെട്ടത് എന്റെ തമാശകള്‍ ആയിരുന്നു..അല്ലാതെ ആംഗലേയം അല്ല എന്നത് മറ്റൊരു സത്യം.(ഭൂരിപക്ഷത്തിനും പഠിക്കണം എന്ന ചിന്തയില്ല.പിന്നെ, ജോലിയൊന്നും വേണ്ടേ എന്ന് ചോദിച്ചപ്പോള്‍ ഒരു കുട്ടി പറഞ്ഞു അവന്‍ ഗള്‍ഫില്‍ പോകും എന്ന്.ബാപ്പയും ഇക്കയുമൊക്കെ ഗള്‍ഫില്‍ ആണത്രേ.ചുരുക്കത്തില്‍ ഗള്‍ഫില്‍ പോകാന്‍ പഠിക്കേണ്ട എന്നര്‍ത്ഥം!!).പിന്നെ ഞാന്‍ അങ്ങനെ വല്ലാതെ കര്‍ക്കശ സ്വഭാവം കാണിച്ചിരുന്നുമില്ല(എനിക്കും പഠിപ്പിക്കാന്‍ മടിയായിരുന്നു.എന്റെ ക്ലാസ്സ്‌ ,മേല്‍നോട്ടത്തിനു വരുന്ന അധ്യാപകര്‍ ആരും ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പായാല്‍ പിന്നെ എന്റെ ക്ലാസ്സില്‍ സംഗീത മഹോത്സവം ആയിരിക്കും.മൊത്തത്തില്‍ പാട്ടിന്റെ പാലാഴി!!)

മുന്‍ നിരയിലിരിക്കുന്ന കുട്ടികള്‍ അത്ര പ്രശ്നക്കാരായിരുന്നില്ല.പുറകോട്ടു പോകുന്തോറും പ്രശ്നക്കാരുടെയും അവരുണ്ടാക്കുന്ന പ്രശ്നങ്ങളുടെയും രൂക്ഷത ഏറിക്കൊണ്ടിരിക്കും.പിന്‍ ബെഞ്ചില്‍ ഇരിക്കുന്ന കുട്ടികള്‍ക്ക് എന്നെക്കാളും ഒരു മൂന്ന് നാലു വയസ്സ് മാത്രമേ കുറവുള്ളൂ എന്ന നഗ്ന സത്യം മറ്റുള്ളവരില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിരുന്നു.അത് കൊണ്ട് തന്നെ ആ ഭാഗത്തേക്ക്‌ പോകുമ്പോള്‍ ഹൃദയം ഇത്തിരി വേഗത്തില്‍ ഇടിക്കും.പേടിയാണേ...!!നേരത്തെ പറഞ്ഞത് പോലെ എന്നെ ബഹുമാനം കുറവായത് കൊണ്ടും എന്റെ ദേഷ്യം അത് വരെ കണ്ടിട്ടില്ലാത്തത് കൊണ്ടും കുട്ടികള്‍ "തരികിട" പരിപാടികള്‍ തുടര്‍ന്നു.അങ്ങനെയിരിക്കെ ഏല്‍പ്പിച്ച പാഠഭാഗങ്ങള്‍ അപ്രതീക്ഷിതമായി വന്ന അവധി ദിവസങ്ങള്‍ കാരണം തീര്‍ക്കാന്‍ പറ്റാത്ത അവസ്ഥ വന്നു.(കാലവര്‍ഷം തകര്‍ത്തു പെയ്തതിനാല്‍ വെള്ളം കയറി റോഡുകള്‍ കാണാതായി.റോഡില്‍ ഇറക്കിയ തോണിയില്‍ കയറി ,ചാര്‍ട്ട് പേപ്പറും പുസ്തകങ്ങളും മുറുകെ പിടിച്ചു വീഴാതെ ഒരു വിധത്തില്‍ റോഡു കാണുന്നിടത്ത് ഇറങ്ങി സ്കൂളില്‍ എത്തുമ്പോഴോ,അന്ന് ഒടുക്കത്തെ സമരം!)അങ്ങനെ എന്റെ തമാശകള്‍ നിലച്ചു .ക്ലാസ് കാര്യമാത്ര പ്രസക്തമായി.

ഒരു ദിവസം ഞാനിങ്ങനെ വളരെ ഗൌരവമായി ക്ലാസ് എടുത്തു കൊണ്ടിരിക്കുമ്പോള്‍ പുറകിലെ ബെഞ്ചിലെ ഒരുത്തന്റെ മുഖത്തൊരു പുഞ്ചിരി.ഞാന്‍ അവനെ ഒന്ന് രൂക്ഷമായി നോക്കി.അവന്‍ ചിരി നിര്‍ത്തിയില്ലെന്നു മാത്രമല്ല, മറ്റുള്ളവര്‍ അതില്‍ പങ്കാളികള്‍ ആവുകയും ചെയ്തു.ഞാന്‍ അഞ്ചു പേരെയും എഴുന്നേല്‍പിച്ചു നിര്‍ത്തി.ആ ചിരിക്കാരനോട് ബോര്‍ഡില്‍ എ,ബി,സി.ഡി......എഴുതാന്‍ പറഞ്ഞു.(അവനു അത് അറിയില്ല എന്ന് എനിക്കുറപ്പായിരുന്നു.ഒന്ന് ചമ്മട്ടെ എന്നെ കരുതിയുള്ളു.ഒന്‍പതാം ക്ലാസ്സ്‌ ആണ് എന്നോര്‍ക്കണം!)അവന്‍ നിന്ന് വിയര്‍ക്കുന്നു.ആകെ എഴുതിയിരിക്കുന്നത് എ,ബി....എന്ന് മാത്രമാണ്..ഇപ്പോള്‍ തല കുനിഞ്ഞിരിക്കുന്നു.ചിരിക്കു പകരം ഒരു ദയനീയ ഭാവം.അത്രയും മതി.ഞാന്‍ അവനോടു പോയി ഇരിക്കാന്‍ പറഞ്ഞു.വീണ്ടും ക്ലാസ്സ്‌ പഴയത് പോലെ.അപ്പോഴാണ് പുറകില്‍ നിന്നും ഒരു കുശു കുശുക്കുന്ന ശബ്ദം.ഞാന്‍ നോക്കുമ്പോള്‍ പോയി ഇരുന്നവന്‍ അടുത്തിരിക്കുന്നവനോട് ഏതോ കഥ പറയുകയാണ്‌.ഇത്തവണ എനിക്ക് ക്ഷമ കെട്ടു.രണ്ടും കല്‍പ്പിച്ചു ഞാന്‍ കയ്യിലുള്ള ചോക്ക് കഷണം അവനെ ലക്‌ഷ്യം ആക്കി എറിഞ്ഞു.(ഇപ്പോഴും ദേഷ്യം വന്നാല്‍ എന്തെങ്കിലും എടുത്തെറിയുന്ന സ്വഭാവം എനിക്കുണ്ട്!!ഹാ..ഹാ )ഉന്നം പിഴച്ചു!.നെറ്റിയില്‍ ഉദ്ദേശിച്ചത് കണ്ണില്‍ കൊണ്ടു!.എനിക്ക് പേടിയായി.(പരിശീലനം ചോക്ക് എറിയുന്നതിലാണോ ചെയ്യുന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍.....ഹോ..)

അവനു കണ്ണ് തുറക്കാന്‍ പറ്റുന്നില്ല.ഉടനെ ഞാന്‍ അവനോടു വെള്ളം എടുത്തു കണ്ണ് കഴുകാന്‍ പറഞ്ഞു.കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കണ്ണ് കുറച്ചു ശരിയായി.എങ്കിലും ചുവപ്പുണ്ട്.ക്ലാസ്സ്‌ കഴിഞ്ഞു.വൈകുന്നേരമായപ്പോള്‍ ഞാന്‍ ഇതൊക്കെ മറന്നു.അടുത്ത ദിവസം പതിവ് പോലെ ഞാന്‍ ക്ലാസ്സില്‍ ചെന്നപ്പോള്‍ ലവന്‍ ക്ലാസ്സില്‍ ഇല്ല.വീണ്ടും ഹൃദയമിടിപ്പ്‌.അന്വേഷിച്ചപ്പോള്‍ എന്റെ ഏറു കൊണ്ടു അവന്റെ കണ്ണിനു അലര്‍ജി പിടിപെട്ടെന്നു അറിഞ്ഞു.എനിക്ക് വേവലാതി കൂടി.ഞാന്‍ അവിടെ വെറും പരിശീലനത്തിന് പോയതാണ്.പരാതിയും കൊണ്ടു അവനും ബാപ്പയും വരുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു.ആ നിമിഷവും പ്രതീക്ഷിച്ചു ഞാന്‍ വൈകുന്നേരം വരെ ആശങ്കപ്പെട്ടെങ്കിലും ആരും വന്നില്ല.അടുത്ത ദിവസം ശരിയായ കണ്ണുമായി അവനെ കണ്ടതിനു ശേഷമാണ് എനിക്ക് ആശ്വാസം ആയത്‌.ഒരു ചോക്ക് വരുത്തുന്ന ഓരോരോ പോല്ലാപ്പേ..!ഏതായാലും അതിനു ശേഷം കുട്ടികള്‍ക്ക് എന്നോട് ബഹുമാനം കൂടി!!

ചിന്ത :ഇപ്പോഴും ആ സ്കൂളില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് എ,ബി,സി,ഡി...അറിയില്ല എന്നാണു കേട്ടത്.അത് പഠിക്കാതെ എങ്ങനെ അവര്‍ ഒന്‍പതില്‍ എത്തുന്നു എന്ന കാര്യം എന്നെ അതിശയപ്പെടുത്തുന്നു.

Friday, 14 May 2010

അയ്യോ..അത് ഞാനല്ല!!!

അമേരിക്കാ....അമേരിക്കാ.....അങ്ങനെ ഞാനും യു.എസ്.എ യില്‍ എത്തി.ഇങ്ങോട്ട് വരാന്‍ ഒരു താല്‍പര്യവും ഇല്ലായിരുന്നെങ്കിലും, പലരും പറയുന്ന പോലെ സാഹചര്യത്തിന്റെ സമ്മര്‍ദം കൊണ്ട് എത്തിപ്പെട്ടു.ജീന്‍സും ടി ഷര്‍ട്ട്‌ ഉം ധരിക്കാനുള്ള മടി കൊണ്ട് നോം മിക്കവാറും ഭാരതീയ വസ്ത്രമായ ചുരിദാര്‍ ധരിച്ചാണ് വായ്നോട്ടത്തിന് ഇറങ്ങുന്നത്.മരുന്നിനു പോലും ഒരു സുഹൃത്ത് എനിക്കില്ല.തനിയെയാണ് കറങ്ങി നടക്കല്‍.ഈ ലോകത്തില്‍ എനിക്ക് ഏറ്റവും പേടിയുള്ള ജീവിയാണ് പട്ടി.സായിപ്പിനെ കൂടാതെ ഇവിടെ വളരെ സുലഭമായി കാണാന്‍ പറ്റുന്ന ഒരേ ഒരു സാധനം!പട്ടികളെ പേടിച്ചു അവര്‍ ഇറങ്ങുന്നതിനു മുന്‍പേ ഞാന്‍ എന്റെ റോന്തു ചുറ്റല്‍ തീര്‍ക്കും.(പട്ടി കടിച്ചാല്‍ പൈസ കിട്ടും എന്നത് വേറെ കാര്യം,പക്ഷെ ഇന്‍ജെക്ഷന്‍..അയ്യോ. :)..)

അങ്ങനെയിരിക്കെ ഒരു ദിവസം വൈകുന്നേരം ഞാന്‍ പതിവ് പോലെ കറങ്ങാന്‍ ഇറങ്ങി.മെയില്‍ ബോക്സ്‌ ഇലെ കത്തുകള്‍ എടുക്കുക എന്ന ഉദ്ദേശവും എനിക്കുണ്ടായിരുന്നു.ഒരു റൌണ്ട് കറങ്ങിയ ശേഷം കത്തുകളും എടുത്തു ഞാന്‍ തിരിച്ചു വീട്ടിലേക്കു നടന്നു.ഒരു അമേരിക്കന്‍ പോലീസ് കാര്‍ ആ വഴി നിലവിളി ശബ്ദവുമായി ചീറിപ്പാഞ്ഞു പോയി.വഴിയില്‍ ഒരു പട്ടിയെ കണ്ടു പേടിച്ചെങ്കിലും മനസ്സില്‍ മുത്തപ്പനെ ധ്യാനിച്ച് ഞാന്‍ മുന്നോട്ടു നടന്നു.എന്റെ വേഷം ഒരു നീല നിറമുള്ള ചുരിദാര്‍.(ഇത് ഇപ്പോള്‍ പറയാന്‍ കാര്യമുണ്ട്.വഴിയെ മനസ്സിലാകും).ഞാനിങ്ങനെ മുത്തപ്പനെയും വിളിച്ചു പട്ടിയില്‍ നിന്നും രക്ഷപ്പെട്ടു വീട്ടിലേക്കു ധൃതി പിടിച്ചു നടക്കുമ്പോള്‍-അപ്പോള്‍ എനിക്കൊരു സംശയം.എന്നെ ഒരു വണ്ടി പിന്തുടരുന്നുണ്ടോ എന്ന്!.സംശയിച്ച പാതി സംശയിക്കാത്ത പാതി ഞാന്‍ വീട്ടിലേക്ക് ഇത് വരെ ഒളിമ്പിക്സ് ഇല്‍ മാത്രം കണ്ടിരുന്ന രീതിയില്‍ നടന്നു.വളരെ വേഗത്തില്‍
കോണിപ്പടി കയറി ഞാന്‍ വാതില്‍ അടച്ചു.വാതില്‍ അടക്കുന്ന നിമിഷം ഞാനൊന്നു നോക്കി അതാരുടെ വണ്ടിയാണെന്ന്-ഈശ്വരാ...പോലീസ്!.ഞാന്‍ ഞെട്ടി.പിന്നെ ഒന്നും നോക്കിയില്ല.വാതില്‍ ഭദ്രമായി അടച്ചു.കത്തുകള്‍ മേശപ്പുറത്തു വെച്ച് ഇത്തിരി വെള്ളം കുടിക്കാന്‍ ഞാന്‍ അടുക്കളയിലേക്കു ചെന്നു.

ടിക്ക്-ടിക്ക്... അതാ ആരോ വാതിലില്‍ മുട്ടുന്നു.ലബ്-ഡബ് ലബ്-ഡബ്.... എന്റെ ഹൃദയം ആ മുട്ടിനേക്കാള്‍ വേഗത്തില്‍ ഇടിക്കാന്‍ തുടങ്ങി.ഞാന്‍ വാതിലില്‍ ഘടിപ്പിച്ച പുറത്തേക്കു നോക്കാനുള്ള ചെറിയ ഗ്ലാസ്‌ ദ്വാരം വഴി ഒന്നെത്തി നോക്കി.-ദേ നില്കുന്നു ഒരു കുട്ടപ്പന്‍ അമേരിക്കന്‍ പോലീസ്!എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ ഓടിപ്പോയി ഫോണ്‍ എടുത്തു കയ്യില്‍ വെച്ചു.ഒരു സുരക്ഷ.എന്നിട്ട് ഒന്ന് കൂടി നോക്കി.ഇപ്പോള്‍ ആരെയും കാണാനില്ല.ആശ്വാസത്തോടെ ഞാന്‍ വാതില്‍ തുറന്നു.ദേ ഒരു സൈഡില്‍ ഒളിഞ്ഞു നില്കുന്നു ദുഷ്ടന്‍.ഒരു കൈ തോക്കില്‍ വെച്ചിട്ട് ഒളിഞ്ഞു നിന്നതാ..ഞാന്‍ ആക്രമിച്ചാലോ എന്ന് പേടിച്ച്‌..(ഹാ ഹാ.)"ശുഅഹൈഇ ഹൈഹുഹ്ഹ്ഹ?".അയാള്‍ ചോദിച്ചു.എനിക്കൊന്നും മനസിലായില്ല.എന്റെ അങ്കലാപ്പ് കണ്ടിട്ട് അയാള്‍ വീണ്ടും-"ഡു യു സ്പീക്ക്‌ ഇംഗ്ലീഷ്?"ഹോ...അത് മനസ്സിലായി.ഞാന്‍ ആവേശത്തോടെ "യെസ്".അതിനു ശേഷം അയാള്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടാല്‍, സുരാജ് വെഞാരമൂടിന്റെ ഭാഷയില്‍ പറഞ്ഞാല്‍, പെറ്റ തള്ള സഹിക്കൂല.ഞങ്ങളുടെ അപ്പാര്ട്ടുമെന്റ്റ് കോംപ്ലക്സ്ഇല്‍ ഒരു മോഷണം നടന്നു പോലും.(ഞാന്‍-അതിനു ഞാനെന്തു വേണം??)അയല്‍ വീട്ടുകാര്‍ പറഞ്ഞത്രേ നീല വസ്ത്ര ധാരിണിയായ ഒരു യുവതിയാണ് മോഷണം നടത്തിയതെന്ന്.

അപ്പോള്‍ എനിക്ക് കാര്യങ്ങളുടെ ഏകദേശ രൂപം മനസ്സിലായി.അവര്‍ പ്രതിയെ തേടി ഇറങ്ങിയതാണ്.വന്നത് സംശയാസ്പദമായി നീല വസ്ത്രം ധരിച്ചു നടന്നു..സോറി, ഓടിയ വകയില്‍ എന്നെ ചോദ്യം ചെയ്യാന്‍.ഹൃദയം പട പട മിടിച്ച്ചെങ്കിലും അതൊന്നും പുറത്തു കാട്ടാതെ ഒരു ചമ്മിയ ചിരിയുമായി ഞാന്‍ .കയ്യും കാലുമൊക്കെ വിറക്കുന്നുണ്ട്.പൊക്കിക്കൊണ്ട് പോയാല്‍ ആര് അറിയും,ഓഫീസില്‍ ഉള്ള കണവന് എന്നെ കാണാതെ ടെന്‍ഷന്‍ ആവില്ലേ തുടങ്ങി ഒരായിരം ചോദ്യങ്ങള്‍ എന്റെയീ കുഞ്ഞിത്തലയില്‍.(വെറുതെയല്ല ആ വര്ഷം എനിക്ക് മുടി വളരാതിരുന്നത്.ഹും)ഒടുവില്‍ ഞാന്‍ അയാളോട് വിശദമായി കാര്യങ്ങള്‍,അതായതു പ്രതിയെ കാണാന്‍ എങ്ങനെയിരിക്കും എന്നൊക്കെ ചോദിച്ചു.പ്രതിക്ക് വളരെ നീളമുള്ള മുടി ആണത്രേ.ഉടനെ ഞാന്‍ തിരിഞ്ഞു നിന്ന് പോണി ടൈല്‍ കെട്ടിയ എന്റെ മുടി കാണിച്ചു കൊടുത്തു.(മുടി വെട്ടാന്‍ എന്നെ ഉപദേശിച്ച എന്റെ നാത്തൂന് നന്ദി.അല്ലായിരുന്നെങ്കില്‍..ഹോ..)അയാള്‍ക് അത് തീരെ പിടിച്ചില്ലെന്നു മുഖഭാവത്തില്‍ നിന്നും മനസ്സിലായി.പിന്നെ ഞാന്‍ അധികം ഷൈന്‍ ചെയ്യാന്‍ നിന്നില്ല.ഞാന്‍ മോഷ്ടിചില്ലെന്നും കത്തെടുക്കാന്‍ പോയതാണെന്നും സംശയം തീര്‍ക്കാന്‍ കണവനെ വരുത്താമെന്നും....ഇത്രയൊക്കെ ആയപ്പോള്‍ അയാള്കും ഒരു തിരിച്ചറിവ്.(എനിക്കും)-ഇതേതോ ഒരു അലവലാതിയാണെന്ന്!!.അങ്ങനെ അയാള്‍ സോറിയും പറഞ്ഞു തിരിച്ചു പോയി.അപ്പോഴും എന്റെ കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു.കൂടുതല്‍ ഷൈന്‍ ചെയ്തിരുന്നെങ്കില്‍ വെടിയുണ്ട ഏറ്റു മരിച്ച ഒരു ഭാരതീയ യുവതിയുടെ ആത്മാവ് ഇപ്പോള്‍ അമേരിക്കയില്‍ കറങ്ങി നടന്നേനെ!!!

Thursday, 6 May 2010

ശൂന്യത

മനസ്സ് ശൂന്യം!
ഇരുട്ട് നിറഞ്ഞ ഉപബോധത്തിന്റെ
അടര്‍ന്നു വീണ ഒരു വള്ളി തേടി ഞാന്‍.
ഇനിയും പിറക്കാത്ത ചിന്തകളും
ജനിച്ചു മരിച്ച സ്വപ്നങ്ങളും
ശവ കല്ലറയ്ക് ഉള്ളിലേക്ക്..
ജനിക്കും മൃതിക്കും ഇടയിലുള്ള
നേര്‍ത്ത നൂല്‍പാലത്തിലൂടെ
തിളയ്ക്കുന്ന അഗ്നി ഗര്‍ത്തങ്ങള്‍ക്ക് മേലെ
നീറി ദഹിച്ചു വീണ്ടും യാത്ര.
ലക്‌ഷ്യം ഇല്ല മോഹമില്ല
സ്വപ്നമില്ല പ്രതീക്ഷയില്ല
സഹനം-സഹനം മാത്രം....
ഇരുട്ടിനെ വകഞ്ഞു മാറ്റി
വരുന്നൊരു വെളിച്ചം ഇനിയൊരു
ലക്‌ഷ്യംആയി ,മോഹമായി
സ്വപ്നമായി,പ്രതീക്ഷയായി
മാറുമോ?

Tuesday, 27 April 2010

ഞാനും പ്രിഥ്വിരാജും പിന്നെയാ സ്ക്രീന്‍ ടെസ്റ്റും !!

ഇന്ന് തുടര്‍ച്ചയായ ഒന്‍പതാമത്തെ ദിവസമാണ് അത് സംഭവിക്കുന്നത്‌.ഇങ്ങനെ പോയാല്‍ എന്റെ അവസ്ഥ എന്താകും എന്റെ കൃഷ്ണാ?എന്തായിരിക്കും ഇങ്ങനെ തുടര്‍ച്ചയായി സംഭവിക്കാന്‍ കാരണം?ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.അങ്ങേരെ എനിക്ക് പരിചയമില്ല.വല്ലപ്പോഴും യു ടൂബിലോ മെഗാ വീഡിയോ ഇലോ ആണ് ആ മുഖം കാണുന്നത് തന്നെ.കോളേജില്‍ പഠിച്ചിരുന്ന കാലത്ത് അങ്ങേരു ഒരു ആവേശം തന്നെയായിരുന്നു കൂടെ പഠിച്ചിരുന്ന തരുണീ മണികള്‍ക്ക്.(ഇപ്പോഴും അവര്‍ക്ക് വലിയ മാറ്റമൊന്നും ഇല്ല!).മത്തായിയുടെ കത്തി ക്ലാസ്സ്‌ കട്ട്‌ ചെയ്തു അവര്‍ "സ്വപ്നകൂട്"നു പോയപ്പോഴും പക്ഷെ ഞാന്‍ മാത്രം പോയില്ല.പിന്നെ കാണാന്‍ ഇടയായത് "നന്ദനം" മാത്രമാണ്.അതും "ഗുരുവായൂരപ്പന്റെ സിനിമയല്ലേ മോളെ..പോയി കാണാം"- എന്ന് അപ്പൂപ്പനും അമ്മൂമ്മയും പറഞ്ഞിട്ട്.അങ്ങനെ ആ വൃദ്ധ ദമ്പതികളുടെ കൂടെ ഇരുന്നാണ് ഞാന്‍ "നന്ദനം" കാണുന്നത്!അത് പോട്ടെ..ഇപ്പോള്‍ സംഭവിക്കുന്നതെന്താണെന്ന് വെച്ചാല്‍ "നന്ദന"ത്തിലെ ബാലാമണിക്ക് സംഭവിച്ചത് തന്നെ-സ്വപ്നം കാണലേ!അതും പ്രിഥ്വിരാജ് നെ.അങ്ങേരെ ഞാന്‍ എന്റെ സ്വപ്നത്തില്‍ കാണാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് മഹത്തായ ഒന്‍പതാം ദിവസം!

ഇത് മായയാണോ ജാലമാണോ എന്നൊന്നും എനിക്കറിയില്ല.പക്ഷെ സംഭവിക്കുന്നു.ഇടയ്ക്കു ഒരു ഡ്യുയട്ട് ഉം പാടി .ഉറക്കത്തില്‍ കഴുത്ത് ഉളുക്കിയത് മാത്രം മിച്ചം!വേദന ആയാലെങ്കിലും ഇതൊന്നു നിര്‍ത്തുമോ എന്ന് കരുതിയാല്‍ തെറ്റി.വീണ്ടും സ്വപ്നം.എനിക്കിനി വല്ല ഇ എസ് പി (Extra Sensory Perception)ഉണ്ടോ എന്നൊരു സംശയം.ഇതൊരു ടെലിപതി ആണോ എന്നറിയണമെങ്കില്‍ പ്രിഥ്വിരാജ് നെ കണ്ടേ തീരു.എവിടെ! അങ്ങേരു ഇത് വല്ലതും അറിയുന്നുണ്ടോ.ഒരു പാവം നുണച്ചി സുന്ദരി ലോകത്തിന്റെ അങ്ങേയറ്റത്ത്‌ തന്നെയും സ്വപ്നം കണ്ടു വട്ടു പിടിച്ചു നടക്കുകയാണെന്ന് അങ്ങേരു എങ്ങനെ അറിയാനാ!എനിക്ക് കടുത്ത നിരാശ തോന്നി.എന്റെ ഓര്‍മ്മകള്‍ ബിരുദാനന്തര ബിരുദ കാലഘട്ടത്തിലേക്ക് ചെന്നു.

ജീവിതം ആഘോഷിക്കുന്ന കാലം.ഹോസ്റ്റല്‍ വാസിയാണ്.ഞങ്ങള്‍ ഒരു പത്തു പേര്‍ മാത്രമേ വിദ്യാര്‍ത്ഥിനികള്‍ ആയിട്ടുള്ളൂ.ബാക്കിയെല്ലാം ജോലിക്ക് പോകുന്ന സ്ത്രീകളാണ്.കൂട്ടത്തില്‍ തല തെറിച്ചവരും ഞങ്ങള്‍ തന്നെ. വാര്‍ഡന്‍ ഏയും കുക്ക് നേയും ചീത്ത പറഞ്ഞും കള്ളത്തരം പറഞ്ഞു ഹോസ്റ്റല്‍ നു പുറത്തേക്കു ചാടാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാതെ നടക്കുന്ന ജീവിതത്തിലെ സുവര്‍ണ കാലഘട്ടം.അങ്ങനെ ഒരു ഞായറാഴ്ച -പതിവ് പോലെ പത്തു മണിക്കുള്ള ഉണരലും കാപ്പി കുടിയും കഴിഞ്ഞു പത്ര വായന തുടങ്ങി.പൊതു വിജ്ഞാനം വളരെ കൂടിയത് കൊണ്ട് പത്ര പാരായണം അഞ്ചു മിനുട്ടില്‍ അവസാനിപ്പിച്ചു ഞാനും എന്റെ കൂട്ടുകാരിയും കത്തിയടി തുടങ്ങി.അപ്പോഴാണ്‌ നഴ്സിംഗ് നു പഠിക്കുന്ന ഒരു കുട്ടി മൊബൈലുമായി ആ വഴി വന്നത്.നമുക്കവളെ ശകുന്തള എന്ന് വിളിക്കാം.കൂടെ അനസൂയയും പ്രിയംവദയുമുണ്ട്.തോഴിമാരില്ലാതെ അവളെ കാണാനേ പറ്റില്ല.ഞങ്ങളുടെ കത്തിക്കിടയില്‍ അവര്‍ പത്ര പാരായണം തുടങ്ങി.പൊതു വിജ്ഞാനം വര്ധിപ്പിക്കുകയാനെന്നു കരുതി ഞങ്ങള്‍ ഇരുന്നു.

സമയം കടന്നു പോയി .വായന തീരുന്നില്ല ക്ഷമ കെട്ടു ഞാനൊന്നു എത്തി നോക്കി.നോക്കുമ്പോള്‍ വിവാഹ പരസ്യങ്ങളുടെ പേജ് ആണ് നമ്മുടെ ശകുന്തളയും തോഴിമാരും നോക്കി കൊണ്ടിരിക്കുന്നത്.'എന്തുവാടി, വീട്ടില്‍ ഇതൊന്നും നോക്കാന്‍ ആളില്ലേ' എന്ന് ചോദിക്കാതിരുന്നില്ല.മറുപടി ഒരു ഇളിഭ്യ ചിരിയില്‍ ഒതുങ്ങി.കലികാലം!ഇതൊന്നും കാണാനും കേള്‍ക്കാനും നില്‍കാതെ ഞങ്ങള്‍ മുറിയിലേക്ക് മടങ്ങി.കുറച്ചു കഴിഞ്ഞപ്പോള്‍ ശകുന്തളയുടെ മുറിയില്‍ ഒരു കുശു കുശുപ്പു!കേട്ടിട്ട് ചെല്ലാതിരിക്കാന്‍ പറ്റുമോ..നുണച്ചി ആയിപ്പോയില്ലേ..നോമും പരിവാരങ്ങളും ചെന്നു.ആദ്യം ഒന്നുരുളാന്‍ നോക്കിയെങ്കിലും ഞങ്ങള്‍ സീനിയേര്‍സ് ആയതു കൊണ്ട് നമ്മുടെ ശകുന്തള കൊച്ചു പേടിച്ചു പേടിച്ചു കാര്യം പറഞ്ഞു.വിവാഹ പരസ്യ പേജ് ഇല്‍ കൊടുത്ത ഒരു നമ്പര്‍ ഇലേക്ക് നമ്മുടെ ശകുന്തളയും ടീമും ഒരു മിസ്ഡ് കാള്‍ കൊടുത്തു.അബദ്ധത്തില്‍ പറ്റി പോയെന്നാണ് ശകു പറയുന്നത്.(ആര് വിശ്വസിക്കാന്‍.)ആ നുംബെരുകാരന്‍ തിരിച്ചു വിളിക്കുന്നു.അതാണ്‌ പ്രോബ്ലം.എടുക്കണോ വേണ്ടയോ ...എടുക്കണോ വേണ്ടയോ..അതാണ്‌ പ്രശ്നം.അവസാനം എടുത്തു ചേട്ടാ ഒരു അബദ്ധം പറ്റിയതാണെന്നും ഇനി മേലില്‍ ആവര്‍ത്തിക്കില്ലെന്നും പറഞ്ഞു പ്രശ്നം പരിഹരിച്ചു.മാസങ്ങളും വര്‍ഷങ്ങളും കടന്നു പോയി.അങ്ങനെ പോകുമ്പോള്‍ നമ്മുടെ ശകുന്തള ക്ക് ഞങ്ങളെയൊക്കെ കാണുമ്പോള്‍ ഒരു നാണവും ചിരിയും.അന്വേഷിച്ചപ്പോള്‍ മനസിലായി ആ പഴയ വിവാഹ പരസ്യ നുംബെരുകാരന്‍ ഒരു നമ്പര്‍ ഇടുകയും ശകു അതില്‍ വീഴുകയും ചെയ്തെന്നു.

കൊതുകിന്റെ ആസ്ഥാനത് ജീവിക്കുന്ന അവന്‍ പെണ്ണ് കാണാന്‍ പിറ്റേ ദിവസം വരുന്നുണ്ടെന്നും ഞങ്ങള്‍ ഒരു ഞെട്ടലോടെ മനസ്സിലാക്കി.ശകു ആവേശത്തിലായിരുന്നു.പെണ്ണ് കാണല്‍ ഒക്കെ കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ അവനെയും കൂട്ടി ഹോസ്റ്റല്‍ വഴി വരാന്‍ ഞങ്ങള്‍ ശകുവിനെ ഉപദേശിച്ചു.(ഒരു ചെറിയ റാഗിങ്ങ് ആണ് ഉദ്ദേശിച്ചത്)പറഞ്ഞ പോലെ ശകു അവനെയും കൂട്ടി ഹോസ്റ്റലില്‍ വന്നു.അവനാരാ മോന്‍!വന്നത് മോഹന്‍ ലാലിന്റെയും മമ്മൂട്ടിയുടെയും കാവ്യാ മാധവന്റെയും ഒക്കെ കൂടെ നിന്ന് എടുത്ത കുറെ ഫോട്ടോയും കൊണ്ടാണ്.അവന്‍ സിനിമാക്കാരുടെ സ്വന്തം ആളാണ്‌ പോലും!തീര്‍ന്നില്ലേ.തരുണീ മണികള്‍ അവനെ വളയുന്നു...ചിരിക്കുന്നു...ചായ വേണോ ചോദിക്കുന്നു.(നിന്റെ തന്ത ഇവിടെ കാന്റീന്‍ നടത്തുന്നുണ്ടോ എന്ന് ചായ വേണോ എന്ന് ചോദിച്ചവളോട് എനിക്ക് ചോദിയ്ക്കാന്‍ തോന്നിയെങ്കിലും പിന്നെ ചോദിക്കാം എന്ന് കരുതി ക്ഷമിച്ചു)അസൂയ കൊണ്ടാണോ എന്തോ എനിക്ക് ചിരിയൊന്നും വന്നില്ല!ശകു എന്നെയും പരിചയപ്പെടുത്തി.കുറച്ചു കഴിഞ്ഞു അവന്‍ തിരിച്ചു പോയി.

അന്ന് മുതല്‍ ശകുവിന്റെ മുറിയില്‍ തിരക്കായി.സിനിമ താരങ്ങളുടെ വിശേഷങ്ങള്‍ അറിയാന്‍ അമ്മച്ചിമാര്‍ വരെ വന്നു തുടങ്ങി.ആ മുറിയൊരു ഹൌസ്ഫുള്‍ ബോര്‍ഡ് വെച്ച തിയേറ്റര്‍ ആയി മാറി.അങ്ങനെയിരിക്കെ ഒരു ദിവസം-വാതിലില്‍ തുടര്‍ച്ചയായുള്ള മുട്ട് കേട്ട്‌
ഞാന്‍ പ്രാകിക്കൊണ്ട് കതകു തുറന്നു.ശകു നില്‍കുന്നു.കയ്യില്‍ ഫോണും ഉണ്ട്.നമ്പര്‍ ചേട്ടന് എന്നോടെന്തോ സംസാരിക്കണമെന്ന്!അതിനു മുന്‍പേ ഒരു തവണ മാത്രമാണ് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിട്ടുള്ളത്.ആകാംക്ഷയോടു കൂടി ഞാന്‍ ഫോണ്‍ വാങ്ങി.ഹലോ പറഞ്ഞു..നമ്പര്‍ ചേട്ടന്‍ സംസാരിക്കാന്‍ തുടങ്ങി.ഞാന്‍ ഞെട്ടിപ്പോയി.എന്റെ ഹൃദയമിടിപ്പ്‌ കൂടി.കാര്യം എന്താണെന്നു വെച്ചാല്‍ എനിക്കൊരു ചാന്‍സ് കിട്ടിയിരിക്കുന്നു..ഒരു സിനിമയില്‍!!.എന്ത് പറയണം എന്നറിയാതെ ഞാന്‍ കുഴങ്ങി.ചേട്ടന്‍ ഫോണ്‍ കട്ട്‌ ചെയ്തു.ഞാനും പരിവാരങ്ങളും ആലോചന തുടങ്ങി.വീട്ടില്‍ എങ്ങനെ സമ്മതിപ്പിക്കും...എന്ത് പറയും...അങ്ങനെ കൂലങ്കഷമായ ആലോചന തന്നെ.വീട്ടില്‍ നമ്പര്‍ ചേട്ടന്‍ വിളിച്ചു പറയാം എന്ന് പറഞ്ഞു.ഡയറക്ടര്‍ വിളിക്കുമത്രേ.സ്ക്രീന്‍ ടെസ്റ്റ്‌ നു എറണാകുളം പോകണം.ഞാന്‍ ബാഗ്‌ ഒക്കെ എടുത്തു റെഡി ആക്കി.അപ്പോള്‍ എന്റെ കൂടെയുള്ള ഏതോ ഒരു സഖിക്കൊരു സംശയം.എടേ...ഗ്ലാമര്‍ റോള്‍ ഒന്നും അല്ലല്ലോ...ഒന്ന് വിളിച്ചു കണ്‍ഫേം ചെയ്യടെ..കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ ഓഫ്‌.!!ശകു നമ്പര്‍ ചേട്ടനെ വിളിച്ച് എനിക്ക് ഫോണ്‍ തന്നു.ഞാന്‍ ഭവ്യതയോടെ ചോദിച്ചു:"ചേട്ടാ, ഏത് സിനിമയാ,കഥ എന്താ...അല്ല..ഈ വേഷമൊക്കെ ...??"ബാക്കി പറഞ്ഞില്ലെങ്കിലും ചേട്ടന് കാര്യം മനസിലായി.ചേട്ടന്‍ സമാധാനിപ്പിച്ചു.ഒരു സ്കൂളിന്റെ പശ്ചാത്തലത്തില്‍ ഉള്ള ഒരു കഥയാണെന്നും മിക്ക സീനിലും യുണിഫോം ആണെന്നുമൊക്കെ.എനിക്കും പരിവാരങ്ങള്‍കും കുറച്ചു ആശ്വാസമായി.

പിറ്റേ ദിവസം ഡയറക്ടര്‍ വീട്ടിലേക്കു വിളിക്കുമെന്നും പറഞ്ഞു.ഞങ്ങള്‍ സന്തോഷത്തോടെ ഉറങ്ങാന്‍ കിടന്നു.എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല.രാവിലെ എഴുന്നേറ്റു കാര്യങ്ങള്‍ എന്തായി എന്നറിയാന്‍ ശകു നമ്പര്‍ ചേട്ടനെ വിളിച്ചു.ചേട്ടന്‍ സ്ക്രീന്‍ ടെസ്റ്റ്‌ നെ കുറിച്ചുംസുഹൃത്ത്‌ ആയ ഡയറക്ടര്‍ നെ കുറിച്ചും ഘോര ഘോരം പ്രസംഗിച്ചു കൊണ്ടിരുന്നു.അപ്പോഴാണ് എനിക്ക് ഒരു സംശയം തോന്നിയത്.ഈ സ്ക്രീന്‍ ടെസ്റ്റ്‌ എന്നൊക്കെ കേട്ടിട്ടേ ഉള്ളു.എന്താണെന്നൊന്നും അറിയില്ല.ഞാന്‍ ചോദിച്ചു "ചേട്ടാ, ഈ സ്ക്രീന്‍ ടെസ്റ്റ്‌ എന്താ....?"ഉത്തരം ഇങ്ങനെയായിരുന്നു-"അത്...അവരിപ്പോള്‍ സ്ക്രീന്‍ ടെസ്റ്റ്‌ എന്നും പറഞ്ഞു എന്താ ചെയ്യുകയെന്നൊന്നും എനിക്കറിയില്ല..പിന്നെ എന്തെങ്കിലും കുഴപ്പം ആയി എന്നൊന്നും എന്നോട് പറയരുത്.അവിടെ ഞാന്‍ എല്ലാം പറഞ്ഞിട്ടുണ്ട്"(ഒരു പക്ഷെ ചേട്ടന്റെ പല വക സിനിമ അനുഭവത്തില്‍ നിന്നും വന്നതാവാം ഈ മറുപടി).ഇതിന്റെ ആദ്യഭാഗം കേട്ടപ്പോഴേ എന്റെ പകുതി ബോധം പോയി.ചേട്ടനോട് എങ്ങനെയെങ്കിലും വീട്ടിലേക്കു വിളിക്കുന്നതില്‍ നിന്നും ഡയറക്ടര്‍ നെ പിന്തിരിപ്പിക്കാന്‍ പറഞ്ഞു.അച്ഛന്റെ കയ്യിലെ ചൂരല്‍ വടി എനിക്കോര്‍മ വന്നു.അയാള്‍ അവസാനം പറഞ്ഞ വാചകം എങ്ങാന്‍ വീട്ടില്‍ പറഞ്ഞാല്‍ എന്റെ സ്ഥാനത്തു സുവോളജി ലാബില്‍ കാണുന്ന മനുഷ്യന്റെ സ്കെലിട്ടന്‍ പോലൊരു സാധനം മാത്രമേ ബാക്കി കാണൂ!!പായ്ക്ക് ചെയ്ത ബാഗിലെ വസ്ത്രങ്ങള്‍ എല്ലാം ഷെല്‍ഫില്‍ തന്നെ തിരിച്ചെത്തി.വന്നതിന്റെ ഇരട്ടി സ്പീഡില്‍ ശകു അവളുടെ റൂമിലും.എന്റെ മുറി ഒരു മരണം നടന്ന വീട് പോലെയായി.ദിവസങ്ങള്‍ കടന്നു പോയി.മെല്ലെ മെല്ലെ ഞാന്‍ അത് മറന്നു.(ഇനി ആ സിനിമ ഏതാണെന്ന് പറയാം-നോട്ബുക്ക്)

ഇപ്പോള്‍,പ്രിഥ്വിരാജ് നെ തുടര്‍ച്ചയായി സ്വപ്നം കണ്ടു നടക്കുന്ന ഈ ദിവസങ്ങളില്‍ ഞാന്‍ ഇതോര്‍ത്ത് പോയി .അന്നൊരു പക്ഷെ,ഞാന്‍ പോയിരുന്നെങ്കില്‍ ഇന്ന് ഇത് ടെലിപതിയാണോ എന്ന് എനിക്ക് ചോദിക്കാനുള്ള ഒരവസരം കിട്ടിയേനെ.അത് പോട്ടെ..പക്ഷെ,ഒന്നോര്തിട്ടു എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല.....എന്നാലും ഒരു ഉര്‍വശി അവാര്‍ഡ്‌ അല്ലെ പാഴായിപ്പോയത് !!