മഴ പെയ്യുന്നു...
അശാന്തമായി.
കൊടുങ്കാറ്റും,മിന്നലും
ഇടിമുഴക്കവും....
മഴയേകിയ സ്വപ്നങ്ങളില്‍
മണ്ണില്‍ ജീവന്റെ പുതു സൃഷ്ടി.
മഴയുടെ രൌദ്രഭാവത്തില്‍
മണ്ണില്‍ ജീവന്റെ വിലാപം.
മഴയുടെ നനവുള്ള രാത്രികളില്‍
ജനലഴികളുടെ തണുപ്പില്‍
മുഖം ചേര്‍ത്ത്
എന്തിനെന്നറിയാതെ
അന്ധകാരത്തിന്റെ ശൂന്യതയില്‍
ആരെയോ പ്രതീക്ഷിച്ച മനസ്സ്!
മഴയുടെ രൌദ്രത
മനസ്സിലേക്കും..
ഭ്രാന്തമായ പൊട്ടിച്ചിരികളും,
നിലക്കാത്ത അലറികരച്ചിലും-
മനസ്സില്‍ രുദ്ര താണ്ടവം!
ചിന്തകളില്‍ നിന്നും
ഉടലെടുത്ത കഴുകന്മാര്‍
തലച്ചോര്‍ കൊത്തിയെടുക്കുന്നു.
വേദന-സപ്ത നാഡികളും
നിശ്ചലമാക്കപ്പെടുന്നു.
രാവെന്നോ പകലെന്നോ
അറിയാതെ നാളുകള്‍
ഒടുവില്‍ എപ്പോഴോ
എല്ലാം ശാന്തം.
മഴയും മനസ്സും വീണ്ടും..
ലാസ്യത്തിന്റെ ആലസ്യത്തിലേക്ക്.