Tuesday, 27 April 2010

ഞാനും പ്രിഥ്വിരാജും പിന്നെയാ സ്ക്രീന്‍ ടെസ്റ്റും !!

ഇന്ന് തുടര്‍ച്ചയായ ഒന്‍പതാമത്തെ ദിവസമാണ് അത് സംഭവിക്കുന്നത്‌.ഇങ്ങനെ പോയാല്‍ എന്റെ അവസ്ഥ എന്താകും എന്റെ കൃഷ്ണാ?എന്തായിരിക്കും ഇങ്ങനെ തുടര്‍ച്ചയായി സംഭവിക്കാന്‍ കാരണം?ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.അങ്ങേരെ എനിക്ക് പരിചയമില്ല.വല്ലപ്പോഴും യു ടൂബിലോ മെഗാ വീഡിയോ ഇലോ ആണ് ആ മുഖം കാണുന്നത് തന്നെ.കോളേജില്‍ പഠിച്ചിരുന്ന കാലത്ത് അങ്ങേരു ഒരു ആവേശം തന്നെയായിരുന്നു കൂടെ പഠിച്ചിരുന്ന തരുണീ മണികള്‍ക്ക്.(ഇപ്പോഴും അവര്‍ക്ക് വലിയ മാറ്റമൊന്നും ഇല്ല!).മത്തായിയുടെ കത്തി ക്ലാസ്സ്‌ കട്ട്‌ ചെയ്തു അവര്‍ "സ്വപ്നകൂട്"നു പോയപ്പോഴും പക്ഷെ ഞാന്‍ മാത്രം പോയില്ല.പിന്നെ കാണാന്‍ ഇടയായത് "നന്ദനം" മാത്രമാണ്.അതും "ഗുരുവായൂരപ്പന്റെ സിനിമയല്ലേ മോളെ..പോയി കാണാം"- എന്ന് അപ്പൂപ്പനും അമ്മൂമ്മയും പറഞ്ഞിട്ട്.അങ്ങനെ ആ വൃദ്ധ ദമ്പതികളുടെ കൂടെ ഇരുന്നാണ് ഞാന്‍ "നന്ദനം" കാണുന്നത്!അത് പോട്ടെ..ഇപ്പോള്‍ സംഭവിക്കുന്നതെന്താണെന്ന് വെച്ചാല്‍ "നന്ദന"ത്തിലെ ബാലാമണിക്ക് സംഭവിച്ചത് തന്നെ-സ്വപ്നം കാണലേ!അതും പ്രിഥ്വിരാജ് നെ.അങ്ങേരെ ഞാന്‍ എന്റെ സ്വപ്നത്തില്‍ കാണാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് മഹത്തായ ഒന്‍പതാം ദിവസം!

ഇത് മായയാണോ ജാലമാണോ എന്നൊന്നും എനിക്കറിയില്ല.പക്ഷെ സംഭവിക്കുന്നു.ഇടയ്ക്കു ഒരു ഡ്യുയട്ട് ഉം പാടി .ഉറക്കത്തില്‍ കഴുത്ത് ഉളുക്കിയത് മാത്രം മിച്ചം!വേദന ആയാലെങ്കിലും ഇതൊന്നു നിര്‍ത്തുമോ എന്ന് കരുതിയാല്‍ തെറ്റി.വീണ്ടും സ്വപ്നം.എനിക്കിനി വല്ല ഇ എസ് പി (Extra Sensory Perception)ഉണ്ടോ എന്നൊരു സംശയം.ഇതൊരു ടെലിപതി ആണോ എന്നറിയണമെങ്കില്‍ പ്രിഥ്വിരാജ് നെ കണ്ടേ തീരു.എവിടെ! അങ്ങേരു ഇത് വല്ലതും അറിയുന്നുണ്ടോ.ഒരു പാവം നുണച്ചി സുന്ദരി ലോകത്തിന്റെ അങ്ങേയറ്റത്ത്‌ തന്നെയും സ്വപ്നം കണ്ടു വട്ടു പിടിച്ചു നടക്കുകയാണെന്ന് അങ്ങേരു എങ്ങനെ അറിയാനാ!എനിക്ക് കടുത്ത നിരാശ തോന്നി.എന്റെ ഓര്‍മ്മകള്‍ ബിരുദാനന്തര ബിരുദ കാലഘട്ടത്തിലേക്ക് ചെന്നു.

ജീവിതം ആഘോഷിക്കുന്ന കാലം.ഹോസ്റ്റല്‍ വാസിയാണ്.ഞങ്ങള്‍ ഒരു പത്തു പേര്‍ മാത്രമേ വിദ്യാര്‍ത്ഥിനികള്‍ ആയിട്ടുള്ളൂ.ബാക്കിയെല്ലാം ജോലിക്ക് പോകുന്ന സ്ത്രീകളാണ്.കൂട്ടത്തില്‍ തല തെറിച്ചവരും ഞങ്ങള്‍ തന്നെ. വാര്‍ഡന്‍ ഏയും കുക്ക് നേയും ചീത്ത പറഞ്ഞും കള്ളത്തരം പറഞ്ഞു ഹോസ്റ്റല്‍ നു പുറത്തേക്കു ചാടാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാതെ നടക്കുന്ന ജീവിതത്തിലെ സുവര്‍ണ കാലഘട്ടം.അങ്ങനെ ഒരു ഞായറാഴ്ച -പതിവ് പോലെ പത്തു മണിക്കുള്ള ഉണരലും കാപ്പി കുടിയും കഴിഞ്ഞു പത്ര വായന തുടങ്ങി.പൊതു വിജ്ഞാനം വളരെ കൂടിയത് കൊണ്ട് പത്ര പാരായണം അഞ്ചു മിനുട്ടില്‍ അവസാനിപ്പിച്ചു ഞാനും എന്റെ കൂട്ടുകാരിയും കത്തിയടി തുടങ്ങി.അപ്പോഴാണ്‌ നഴ്സിംഗ് നു പഠിക്കുന്ന ഒരു കുട്ടി മൊബൈലുമായി ആ വഴി വന്നത്.നമുക്കവളെ ശകുന്തള എന്ന് വിളിക്കാം.കൂടെ അനസൂയയും പ്രിയംവദയുമുണ്ട്.തോഴിമാരില്ലാതെ അവളെ കാണാനേ പറ്റില്ല.ഞങ്ങളുടെ കത്തിക്കിടയില്‍ അവര്‍ പത്ര പാരായണം തുടങ്ങി.പൊതു വിജ്ഞാനം വര്ധിപ്പിക്കുകയാനെന്നു കരുതി ഞങ്ങള്‍ ഇരുന്നു.

സമയം കടന്നു പോയി .വായന തീരുന്നില്ല ക്ഷമ കെട്ടു ഞാനൊന്നു എത്തി നോക്കി.നോക്കുമ്പോള്‍ വിവാഹ പരസ്യങ്ങളുടെ പേജ് ആണ് നമ്മുടെ ശകുന്തളയും തോഴിമാരും നോക്കി കൊണ്ടിരിക്കുന്നത്.'എന്തുവാടി, വീട്ടില്‍ ഇതൊന്നും നോക്കാന്‍ ആളില്ലേ' എന്ന് ചോദിക്കാതിരുന്നില്ല.മറുപടി ഒരു ഇളിഭ്യ ചിരിയില്‍ ഒതുങ്ങി.കലികാലം!ഇതൊന്നും കാണാനും കേള്‍ക്കാനും നില്‍കാതെ ഞങ്ങള്‍ മുറിയിലേക്ക് മടങ്ങി.കുറച്ചു കഴിഞ്ഞപ്പോള്‍ ശകുന്തളയുടെ മുറിയില്‍ ഒരു കുശു കുശുപ്പു!കേട്ടിട്ട് ചെല്ലാതിരിക്കാന്‍ പറ്റുമോ..നുണച്ചി ആയിപ്പോയില്ലേ..നോമും പരിവാരങ്ങളും ചെന്നു.ആദ്യം ഒന്നുരുളാന്‍ നോക്കിയെങ്കിലും ഞങ്ങള്‍ സീനിയേര്‍സ് ആയതു കൊണ്ട് നമ്മുടെ ശകുന്തള കൊച്ചു പേടിച്ചു പേടിച്ചു കാര്യം പറഞ്ഞു.വിവാഹ പരസ്യ പേജ് ഇല്‍ കൊടുത്ത ഒരു നമ്പര്‍ ഇലേക്ക് നമ്മുടെ ശകുന്തളയും ടീമും ഒരു മിസ്ഡ് കാള്‍ കൊടുത്തു.അബദ്ധത്തില്‍ പറ്റി പോയെന്നാണ് ശകു പറയുന്നത്.(ആര് വിശ്വസിക്കാന്‍.)ആ നുംബെരുകാരന്‍ തിരിച്ചു വിളിക്കുന്നു.അതാണ്‌ പ്രോബ്ലം.എടുക്കണോ വേണ്ടയോ ...എടുക്കണോ വേണ്ടയോ..അതാണ്‌ പ്രശ്നം.അവസാനം എടുത്തു ചേട്ടാ ഒരു അബദ്ധം പറ്റിയതാണെന്നും ഇനി മേലില്‍ ആവര്‍ത്തിക്കില്ലെന്നും പറഞ്ഞു പ്രശ്നം പരിഹരിച്ചു.മാസങ്ങളും വര്‍ഷങ്ങളും കടന്നു പോയി.അങ്ങനെ പോകുമ്പോള്‍ നമ്മുടെ ശകുന്തള ക്ക് ഞങ്ങളെയൊക്കെ കാണുമ്പോള്‍ ഒരു നാണവും ചിരിയും.അന്വേഷിച്ചപ്പോള്‍ മനസിലായി ആ പഴയ വിവാഹ പരസ്യ നുംബെരുകാരന്‍ ഒരു നമ്പര്‍ ഇടുകയും ശകു അതില്‍ വീഴുകയും ചെയ്തെന്നു.

കൊതുകിന്റെ ആസ്ഥാനത് ജീവിക്കുന്ന അവന്‍ പെണ്ണ് കാണാന്‍ പിറ്റേ ദിവസം വരുന്നുണ്ടെന്നും ഞങ്ങള്‍ ഒരു ഞെട്ടലോടെ മനസ്സിലാക്കി.ശകു ആവേശത്തിലായിരുന്നു.പെണ്ണ് കാണല്‍ ഒക്കെ കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ അവനെയും കൂട്ടി ഹോസ്റ്റല്‍ വഴി വരാന്‍ ഞങ്ങള്‍ ശകുവിനെ ഉപദേശിച്ചു.(ഒരു ചെറിയ റാഗിങ്ങ് ആണ് ഉദ്ദേശിച്ചത്)പറഞ്ഞ പോലെ ശകു അവനെയും കൂട്ടി ഹോസ്റ്റലില്‍ വന്നു.അവനാരാ മോന്‍!വന്നത് മോഹന്‍ ലാലിന്റെയും മമ്മൂട്ടിയുടെയും കാവ്യാ മാധവന്റെയും ഒക്കെ കൂടെ നിന്ന് എടുത്ത കുറെ ഫോട്ടോയും കൊണ്ടാണ്.അവന്‍ സിനിമാക്കാരുടെ സ്വന്തം ആളാണ്‌ പോലും!തീര്‍ന്നില്ലേ.തരുണീ മണികള്‍ അവനെ വളയുന്നു...ചിരിക്കുന്നു...ചായ വേണോ ചോദിക്കുന്നു.(നിന്റെ തന്ത ഇവിടെ കാന്റീന്‍ നടത്തുന്നുണ്ടോ എന്ന് ചായ വേണോ എന്ന് ചോദിച്ചവളോട് എനിക്ക് ചോദിയ്ക്കാന്‍ തോന്നിയെങ്കിലും പിന്നെ ചോദിക്കാം എന്ന് കരുതി ക്ഷമിച്ചു)അസൂയ കൊണ്ടാണോ എന്തോ എനിക്ക് ചിരിയൊന്നും വന്നില്ല!ശകു എന്നെയും പരിചയപ്പെടുത്തി.കുറച്ചു കഴിഞ്ഞു അവന്‍ തിരിച്ചു പോയി.

അന്ന് മുതല്‍ ശകുവിന്റെ മുറിയില്‍ തിരക്കായി.സിനിമ താരങ്ങളുടെ വിശേഷങ്ങള്‍ അറിയാന്‍ അമ്മച്ചിമാര്‍ വരെ വന്നു തുടങ്ങി.ആ മുറിയൊരു ഹൌസ്ഫുള്‍ ബോര്‍ഡ് വെച്ച തിയേറ്റര്‍ ആയി മാറി.അങ്ങനെയിരിക്കെ ഒരു ദിവസം-വാതിലില്‍ തുടര്‍ച്ചയായുള്ള മുട്ട് കേട്ട്‌
ഞാന്‍ പ്രാകിക്കൊണ്ട് കതകു തുറന്നു.ശകു നില്‍കുന്നു.കയ്യില്‍ ഫോണും ഉണ്ട്.നമ്പര്‍ ചേട്ടന് എന്നോടെന്തോ സംസാരിക്കണമെന്ന്!അതിനു മുന്‍പേ ഒരു തവണ മാത്രമാണ് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിട്ടുള്ളത്.ആകാംക്ഷയോടു കൂടി ഞാന്‍ ഫോണ്‍ വാങ്ങി.ഹലോ പറഞ്ഞു..നമ്പര്‍ ചേട്ടന്‍ സംസാരിക്കാന്‍ തുടങ്ങി.ഞാന്‍ ഞെട്ടിപ്പോയി.എന്റെ ഹൃദയമിടിപ്പ്‌ കൂടി.കാര്യം എന്താണെന്നു വെച്ചാല്‍ എനിക്കൊരു ചാന്‍സ് കിട്ടിയിരിക്കുന്നു..ഒരു സിനിമയില്‍!!.എന്ത് പറയണം എന്നറിയാതെ ഞാന്‍ കുഴങ്ങി.ചേട്ടന്‍ ഫോണ്‍ കട്ട്‌ ചെയ്തു.ഞാനും പരിവാരങ്ങളും ആലോചന തുടങ്ങി.വീട്ടില്‍ എങ്ങനെ സമ്മതിപ്പിക്കും...എന്ത് പറയും...അങ്ങനെ കൂലങ്കഷമായ ആലോചന തന്നെ.വീട്ടില്‍ നമ്പര്‍ ചേട്ടന്‍ വിളിച്ചു പറയാം എന്ന് പറഞ്ഞു.ഡയറക്ടര്‍ വിളിക്കുമത്രേ.സ്ക്രീന്‍ ടെസ്റ്റ്‌ നു എറണാകുളം പോകണം.ഞാന്‍ ബാഗ്‌ ഒക്കെ എടുത്തു റെഡി ആക്കി.അപ്പോള്‍ എന്റെ കൂടെയുള്ള ഏതോ ഒരു സഖിക്കൊരു സംശയം.എടേ...ഗ്ലാമര്‍ റോള്‍ ഒന്നും അല്ലല്ലോ...ഒന്ന് വിളിച്ചു കണ്‍ഫേം ചെയ്യടെ..കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ ഓഫ്‌.!!ശകു നമ്പര്‍ ചേട്ടനെ വിളിച്ച് എനിക്ക് ഫോണ്‍ തന്നു.ഞാന്‍ ഭവ്യതയോടെ ചോദിച്ചു:"ചേട്ടാ, ഏത് സിനിമയാ,കഥ എന്താ...അല്ല..ഈ വേഷമൊക്കെ ...??"ബാക്കി പറഞ്ഞില്ലെങ്കിലും ചേട്ടന് കാര്യം മനസിലായി.ചേട്ടന്‍ സമാധാനിപ്പിച്ചു.ഒരു സ്കൂളിന്റെ പശ്ചാത്തലത്തില്‍ ഉള്ള ഒരു കഥയാണെന്നും മിക്ക സീനിലും യുണിഫോം ആണെന്നുമൊക്കെ.എനിക്കും പരിവാരങ്ങള്‍കും കുറച്ചു ആശ്വാസമായി.

പിറ്റേ ദിവസം ഡയറക്ടര്‍ വീട്ടിലേക്കു വിളിക്കുമെന്നും പറഞ്ഞു.ഞങ്ങള്‍ സന്തോഷത്തോടെ ഉറങ്ങാന്‍ കിടന്നു.എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല.രാവിലെ എഴുന്നേറ്റു കാര്യങ്ങള്‍ എന്തായി എന്നറിയാന്‍ ശകു നമ്പര്‍ ചേട്ടനെ വിളിച്ചു.ചേട്ടന്‍ സ്ക്രീന്‍ ടെസ്റ്റ്‌ നെ കുറിച്ചുംസുഹൃത്ത്‌ ആയ ഡയറക്ടര്‍ നെ കുറിച്ചും ഘോര ഘോരം പ്രസംഗിച്ചു കൊണ്ടിരുന്നു.അപ്പോഴാണ് എനിക്ക് ഒരു സംശയം തോന്നിയത്.ഈ സ്ക്രീന്‍ ടെസ്റ്റ്‌ എന്നൊക്കെ കേട്ടിട്ടേ ഉള്ളു.എന്താണെന്നൊന്നും അറിയില്ല.ഞാന്‍ ചോദിച്ചു "ചേട്ടാ, ഈ സ്ക്രീന്‍ ടെസ്റ്റ്‌ എന്താ....?"ഉത്തരം ഇങ്ങനെയായിരുന്നു-"അത്...അവരിപ്പോള്‍ സ്ക്രീന്‍ ടെസ്റ്റ്‌ എന്നും പറഞ്ഞു എന്താ ചെയ്യുകയെന്നൊന്നും എനിക്കറിയില്ല..പിന്നെ എന്തെങ്കിലും കുഴപ്പം ആയി എന്നൊന്നും എന്നോട് പറയരുത്.അവിടെ ഞാന്‍ എല്ലാം പറഞ്ഞിട്ടുണ്ട്"(ഒരു പക്ഷെ ചേട്ടന്റെ പല വക സിനിമ അനുഭവത്തില്‍ നിന്നും വന്നതാവാം ഈ മറുപടി).ഇതിന്റെ ആദ്യഭാഗം കേട്ടപ്പോഴേ എന്റെ പകുതി ബോധം പോയി.ചേട്ടനോട് എങ്ങനെയെങ്കിലും വീട്ടിലേക്കു വിളിക്കുന്നതില്‍ നിന്നും ഡയറക്ടര്‍ നെ പിന്തിരിപ്പിക്കാന്‍ പറഞ്ഞു.അച്ഛന്റെ കയ്യിലെ ചൂരല്‍ വടി എനിക്കോര്‍മ വന്നു.അയാള്‍ അവസാനം പറഞ്ഞ വാചകം എങ്ങാന്‍ വീട്ടില്‍ പറഞ്ഞാല്‍ എന്റെ സ്ഥാനത്തു സുവോളജി ലാബില്‍ കാണുന്ന മനുഷ്യന്റെ സ്കെലിട്ടന്‍ പോലൊരു സാധനം മാത്രമേ ബാക്കി കാണൂ!!പായ്ക്ക് ചെയ്ത ബാഗിലെ വസ്ത്രങ്ങള്‍ എല്ലാം ഷെല്‍ഫില്‍ തന്നെ തിരിച്ചെത്തി.വന്നതിന്റെ ഇരട്ടി സ്പീഡില്‍ ശകു അവളുടെ റൂമിലും.എന്റെ മുറി ഒരു മരണം നടന്ന വീട് പോലെയായി.ദിവസങ്ങള്‍ കടന്നു പോയി.മെല്ലെ മെല്ലെ ഞാന്‍ അത് മറന്നു.(ഇനി ആ സിനിമ ഏതാണെന്ന് പറയാം-നോട്ബുക്ക്)

ഇപ്പോള്‍,പ്രിഥ്വിരാജ് നെ തുടര്‍ച്ചയായി സ്വപ്നം കണ്ടു നടക്കുന്ന ഈ ദിവസങ്ങളില്‍ ഞാന്‍ ഇതോര്‍ത്ത് പോയി .അന്നൊരു പക്ഷെ,ഞാന്‍ പോയിരുന്നെങ്കില്‍ ഇന്ന് ഇത് ടെലിപതിയാണോ എന്ന് എനിക്ക് ചോദിക്കാനുള്ള ഒരവസരം കിട്ടിയേനെ.അത് പോട്ടെ..പക്ഷെ,ഒന്നോര്തിട്ടു എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല.....എന്നാലും ഒരു ഉര്‍വശി അവാര്‍ഡ്‌ അല്ലെ പാഴായിപ്പോയത് !!

Wednesday, 21 April 2010

അന്ന് സംഭവിച്ചത്...!!!

അത്യാവശ്യം നീണ്ട ഇടവേളയ്ക്കു ശേഷം ഞാനിതാ വീണ്ടും വന്നു.വേണമെന്ന് വെച്ച് വരാതിരുന്നതല്ല .. മൌനവ്രതം എടുത്തു മസാല ദോശ തിന്നാന്‍ പോയതും അല്ല. ലവന്‍ ...ലവനാണ് എന്റെ ബ്ലോഗ്‌ ഉലകതിലേക്കുള്ള വഴി മുടക്കിയത്.എന്നാലും അവന്‍ എന്നോടീ ചതി ചെയ്യുമെന്ന് ഞാന്‍ കരുതിയതല്ല.എന്റെ ഒരു നിമിഷത്തെ പിഴവിന് ഞാന്‍ ഇത്രയും വില നല്‍കേണ്ടി വരുമെന്ന് ഒട്ടും കരുതിയിരുന്നില്ല.എന്റെ സമയ ദോഷം ! അല്ലാതെന്താ...ആ...ഇനിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം.ഇത്രയും നാളും ഞാന്‍ സൂക്ഷിച്ചു വെച്ചിരുന്ന എല്ലാം അവന്‍ നശിപ്പിച്ചു കളഞ്ഞില്ലേ..പരമദ്രോഹി!

ഏകാന്തതയുടെ പൊള്ളുന്ന വെയിലില്‍ ഉറക്കത്തിന്റെ ആലസ്യത്തിലേക്ക് ഞാന്‍ വഴുതി വീണു കൊണ്ടിരുന്ന ആ നിമിഷത്തിലാണ് അവന്‍ കയറി വന്നു എല്ലാം നശിപ്പിച്ചത്.വരുന്നതിനു മുന്‍പേ ഒരു മുന്നറിയിപ്പ്...ഹും തന്നില്ല.ഇങ്ങനെ പെട്ടെന്ന് ആക്രമിച്ചാല്‍ പാവം ഞാന്‍ നിസ്സഹായ ആയിപ്പോവുകയല്ലാതെ വേറെന്താ ചെയ്യുക?എന്റെ പരമാവധി ഞാന്‍ പിടിച്ചു നില്‍കാന്‍ ശ്രമിച്ചെങ്കിലും അവന്റെ കരുത്തിനു മുന്നില്‍ പരാജയം സമ്മതിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.പൊരുതാന്‍ പലരെയും ഇറക്കി നോക്കിയെങ്കിലും ആര്‍കും അവനെ ജയിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഒരു രക്ഷയും ഇല്ലാതെ വന്നപ്പോള്‍ എനിക്ക് കാര്യം എന്റെ പതിയോടു തുറന്നു പറയേണ്ടി വന്നു.ഏതൊരു ഭര്‍ത്താവിനെയും പോലെ തന്നെ കേട്ട നിമിഷം അദ്ദേഹം കുപിതനായി.ഭാര്യക്ക് ഇങ്ങനെയൊരു ചതി പറ്റിയാല്‍ ആരെങ്കിലും സഹിക്കുമോ?ഒക്കെ എന്റെ വേണ്ടാത്ത പണിയാണെന്ന് പറഞ്ഞു.ഞാന്‍ അശ്രദ്ധമായി ഇരുന്നതിനാല്‍ ആണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് പറഞ്ഞു വഴക്കോട് വഴക്ക്.ശ്രദ്ധിക്കാതെ അവിടെയും ഇവിടെയും വായ നോക്കാന്‍ ഇറങ്ങിയാല്‍ ഇങ്ങനെ ഓരോരുത്തന്‍ വന്നു സര്‍വവും നശിപ്പിക്കും എന്ന് അറിയില്ലേ എന്ന് ചോദിച്ചു.ഒരു ബ്ലോഗ്ഗര്‍ ആയ എനിക്ക് ഇത്രയും കൂടി വിവരം ഇല്ലേ എന്ന് വിചാരിച്ചു കാണും! പാവം ഞാന്‍..എന്ത് ചെയ്യാം ..എല്ലാം നഷ്ടപെട്ടതിന്റെ വേദനയില്‍ നീറി ദഹിച്ചു.വായ നോക്കാന്‍ ഇറങ്ങിയ ആ സമയത്തെ പ്രാകി.നട്ടുച്ചയ്ക്ക് വായ നോക്കാന്‍ ഇറങ്ങിയ എന്നെ കണ്ടു ഇഷ്ടം തോന്നിയത് കൊണ്ടല്ലേ അവന്‍ എന്റെ പിന്നാലെ വന്നു ഇങ്ങനെയൊക്കെ സംഭവിച്ചത്.

ഹാ...എല്ലാം എന്റെ വിധി!ഇനി സഹിക്കുകയെ നിവൃത്തിയുള്ളു.ഞാന്‍ പതിയുടെ കാലു പിടിച്ചു.ചേട്ടാ..ഈ സങ്കടത്തില്‍ എന്നെ തനിച്ചാക്കല്ലേ..ഞാന്‍ ഇനി എവിടെയും വായ നോക്കാന്‍ പോകില്ല...സത്യം...ഇല്ലെങ്കില്‍ ചേട്ടന്റെ രെണ്ട്‌ കണ്ണും പോട്ടിപ്പോട്ടെ!ഉടന്‍ വന്നു മറുപടി.സര്‍വവും നശിപ്പിച്ചിട്ടു അവള്‍ ഇപ്പൊ വന്നു കാലു പിടിക്കുന്നു! ഒരു അയവും ഇല്ല.കുറച്ചു നേരം നെഞ്ചത്തടിച്ചു കരഞ്ഞു.ആര് കാണാന്‍!.ഒടുവില്‍ കേട്ട് സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ പതിയെന്നോട് ക്ഷമിച്ചു.ഉടനെ തന്നെ ഒരു ആന്റി വൈറസ്‌ ഇന്‍സ്ടാല്‍ ചെയ്തു തന്നു--- ലവനെ..ആ വൈറസ്‌ നെ കൊല്ലാനേ....!!..ഒടുവില്‍ ഞാന്‍ അവനെ കൊന്നു!!ഇപ്പോള്‍ എല്ലാം സമാധാനപരം.
(വനിത ഡൌണ്‍ലോഡ് ചെയ്യാന്‍ പോയ എനിക്ക് കിട്ടിയ ഒരു പണിയേ!..ഹോ..ഈ ഡൌണ്‍ലോഡ് ചെയ്യുന്നവരെ സമ്മതിക്കണം !വനിതക്ക് ഇതാണ് അവസ്ഥയെങ്കില്‍ ബാക്കിയൊക്കെ എന്തായിരിക്കും.!!)

Monday, 12 April 2010

ഒരു ബ്ലോഗറുടെ ദുഃഖങ്ങള്‍!

വെറുതെ ഇരുന്നും കിടന്നും നടന്നും പരദൂഷണം പറഞ്ഞും നേരം കഴിച്ചു കൂടിയിരുന്ന നാളുകള്‍.അപ്പോഴാണ് പൊടുന്നനെ ഒരു ചിന്ത-ഒരു ബ്ലോഗ്‌ ആരംഭിച്ചാലോ?ചിന്തിക്കേണ്ട താമസം ഗൂഗിള്‍ ഇല്‍ അന്വേഷണം തുടങ്ങുകയും ഈ പണ്ടാരം എങ്ങനെ ഉണ്ടാക്കാം എന്ന് പഠിക്കുകയും ചെയ്തു.ദുഖഭാവം ഇത്തിരി കൂടിയത് കൊണ്ടാണോ എന്നറിയില്ല അടുപ്പിച്ചു മൂന്ന് നാലു കവിതകള്‍ എഴുതി.ആരെയും അന്വേഷിച്ചും പോയില്ല.ആരും എന്നെ അന്വേഷിച്ചു വന്നതുമില്ല.എങ്ങോട്ടോ പോകുന്ന വഴിയില്‍ ഒന്ന് രെണ്ട്‌ പേര്‍ ഈ വഴി വന്നു മരുന്നിനു കമന്റ്സ് ഉം പറഞ്ഞിട്ട് പോയി.പിന്നെ ഞാനൊട്ടു എഴുതിയും ഇല്ല.ആരും ഇവിടേയ്ക്ക് വന്നതും ഇല്ല.വര്‍ഷം ഒന്ന് കടന്നു പോയി-ഭാരതം ചുറ്റലും ബന്ധു ജന സമാഗമവും ഒക്കെയായി.തിരിച്ചു വന്നപ്പോള്‍ വീണ്ടും വെറുതെ ഇരുന്നും കിടന്നും നടന്നും പരദൂഷണം പറഞ്ഞും-ശോ ! വീണ്ടും ബോറടിച്ചു.എന്നാല്‍ പിന്നെ വീണ്ടും വന്നു കളയാം എന്ന് വെച്ചു.അപ്പോഴേക്കും ബ്ലോഗ്‌ ഉലകത്തില്‍ പുതിയ മെംബേര്‍സ് എത്തുകയും പഴയവര്‍ ശക്തി ആര്‍ജിക്കുകയും ചെയ്തിരുന്നു.വന്ന ഉടനെ തന്നെ വന്നു അതിശക്തിയായ പാര-ദോണ്ടേ ഒരുത്തി-പേര് വായാടി.ഞാനൊന്നു ഞെട്ടി.എന്റമ്മേ!എന്റെ സ്വന്തം പേര്..മോഷണം നടത്തിയത് ഞാനോ അവളോ എന്നറിയാന്‍ വേണ്ടി "ഓണ്‍ ബ്ലോഗ്ഗര്‍ സിന്‍സ്"നോക്കി ഉറപ്പിച്ചു-ഞാന്‍ അല്ല...അമ്മച്ചിയാണേ ഞാന്‍ മോഷ്ടിച്ചിട്ടില്ല.സത്യം! ഇല്ലെങ്കില്‍ എന്റെ രെണ്ട്‌ കണ്ണും പോട്ടിപ്പോട്ടെ!!നോക്കുമ്പോള്‍ കക്ഷി ബ്ലോഗ്‌ ഇല്‍ മോഷണത്തെപ്പറ്റി പോസ്റ്റ്‌ ഇട്ടു ഷൈന്‍ ചെയ്യുവാണ്.സാരമില്ല-ഒരേ പേരില്‍ എത്ര പേര്‍ ഈ ലോകത്തുണ്ട് എന്ന് സമാധാനിചിരിക്കുംബോഴാണ് അങ്ങുമിങ്ങും നിന്ന് ചില പാരകള്‍.വായടിയുടെ ആരാധക വൃന്ദങ്ങള്‍ ആണ്.അവര്ക് കണ്‍ഫ്യൂഷന്‍ ആവുന്നത്രേ!അതിനു ഞാന്‍ എന്ത് വേണം എന്ന് തോന്നാതിരുന്നില്ല.നിന്റെയൊക്കെ കണ്‍ഫ്യൂഷന്‍ മാറ്റല്‍ ആണോ എന്റെ ജോലി എന്നും തോന്നി.വായാടിക്ക് പ്രശ്നം ഇല്ലാത്തിടത്തോളം കാലം നമ്മള്‍ ഈ പേരില്‍ നില നില്കും എന്ന് ഉറപ്പിച്ചു.അപ്പോഴാണ് അത് സംഭവിച്ചത്.മീനമാസത്തിലെ നട്ടുച്ചയ്ക്ക് ബ്ലോഗ്‌ ഉലകത്തില്‍ കറങ്ങാന്‍ ഇറങ്ങിയ ഞാന്‍ അത് കണ്ടു .എന്നെ അപരി വായാടി എന്ന് വിളിച്ച മഹാ മനുഷ്യന് വായാടി നന്ദി പറഞ്ഞിരിക്കുന്നു.എന്റെ ഹൃദയം തകര്‍നു.എങ്കിലും ഒരു ചെറിയ പ്രതീക്ഷയോടു കൂടി ഞാന്‍ വായാടിയോടു ചോദിച്ചു-"ഞാന്‍ പേര് മാറ്റണോ?".വേണ്ട എന്ന മധുരം നിറഞ്ഞ മറുപടി പ്രതീക്ഷിച്ച എനിക്ക് കിട്ടിയത് മാറ്റിക്കുടെ എന്ന കയ്പ് നിറഞ്ഞ മറുപടിയാണ്..പോരെങ്കില്‍ ആരാധക/ആരാധിക വൃന്ദങ്ങള്‍ ആ ചോദ്യത്തിന് പ്രതികരിക്കാനും തുടങ്ങി.നില്‍ക കള്ളിയില്ലാതെ ഞാന്‍ പേര് മാറ്റി.നീലത്താമര എന്നാക്കി പുതിയ പേര്.വീണ്ടും വന്നു ആരാധക വൃന്ദങ്ങള്‍ .അവര്ക് ഈ പേരും ഇഷ്ടപെട്ടില്ല പോലും.താല്‍കാലികമായി വെച്ചത് കൊണ്ട് പിന്നെയും എടുത്തു മാറ്റാന്‍ വലിയ പ്രയാസം തോന്നിയില്ല.അല്ലെങ്കിലും ഹൃദയത്തോട് ചേരാത്തത് എടുത്തു കളയാന്‍ പ്രയാസം ഉണ്ടാവില്ലല്ലോ.ഒടുവില്‍ കുരുത്തം കേട്ട ഈ പേര് വെച്ചപ്പോള്‍ ഞാന്‍ ഉള്‍പ്പെടെ എല്ലാവരും ഹാപ്പി!കടമ്പകള്‍ കടന്നു എന്ന് കരുതരുത്..തീര്‍ന്നിട്ടില്ല.എന്റെ അവസ്ഥ കണ്ടു പരിതപിച്ചു തത്തമ്മയും പീഡിയും പിന്നെ വഷളനും എന്നെ ഫോളോ ചെയ്യാന്‍ തീരുമാനിച്ചു.ബാക്കിയുള്ളവരെ ഞാനും ഫോളോ ചെയ്തു.അനന്തരം എന്റെ പോസ്റ്റ്‌ നു കമന്റ്സ് കിട്ടിത്തുടങ്ങി.വായാടിയുടെ കാല്‍ വെപ്പിന്റെ ഐശ്വര്യം വെളിപ്പെടുത്തുന്നത് പോലെ.
അങ്ങനെ ഞാന്‍ തുടരെ തുടരെ പോസ്റ്റാന്‍ തുടങ്ങി.എല്ലാവരും കമന്റാനും.സീനിയര്‍ ക്ലാസ് ഇല്‍ അബദ്ധത്തില്‍ പെട്ട് പോയ ജൂനിയര്‍ ന്റെ അവസ്ഥയായി എനിക്ക്.(ഞാനൊരു സീനിയര്‍ ആണെങ്കിലും).ഏകതാരയുടെ റാഗിങ്ങ് അനുഭവം വായിച്ചു ഞാനോര്‍ത്തു.അതെന്തു ഭേദം!പിന്നെ വിശദീകരണങ്ങള്‍ ,തമ്മിലടികള്‍,പാര വെപ്പ്-എല്ലാറ്റിനും വേദിയായി എന്റെ ബ്ലോഗ്‌.ചെറിയ തോതില്‍ വിമര്‍ശിച്ചത് കൊണ്ട് ആദ്യം വന്നത് ഏകതാരയാണ്.അപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു-കുട്ടീ..എന്നോടീ ചതി വേണ്ടായിരുന്നു...വേണ്ടായിരുന്നു.ഒന്നുമില്ലെങ്കിലും ഒരു റാഗിങ്ങ് അനുഭവം ഉള്ളവള്‍ അല്ലെ നീ...എന്നിട്ടും.പോട്ടെ, അതിനൊരു വിശദീകരണം കൊടുക്കാന്‍ ഒരുങ്ങുമ്പോഴേക്കും ഏകതാരക്ക് കൂട്ടുമായി എത്തിയിരിക്കുന്നു വായാടി..നമ്മുടെ സ്വന്തം തത്തമ്മ.ഇടയ്ക്കിടെ കൊത്താരുന്ടെങ്കിലും ഇതൊരു മയമില്ലാത്ത കൊത്തായിപ്പോയില്ലേ.ഏയ്‌..പോട്ടെ,കൊടുത്തു ഒരു വിശദീകരണം രണ്ടു പേര്‍ക്കും.(എന്റെ വിശ്വാസം എന്നെ രക്ഷിച്ചു ).പാട്ടു പാടി പാടി ചങ്ക് പൊട്ടി ചാവാറായ വഷളന്‍ വന്നു ഒരു പാട്ടും പാടി പോയി(ഇടയ്ക്കിടെ ചില അബദ്ധങ്ങള്‍ പറയും എന്നല്ലാതെ കക്ഷിയെ കൊണ്ട് വലിയ ഉപദ്രവം ഒന്നുമില്ല കേട്ടോ).പിന്നെ ആകെ കൂടി എല്ലാര്ക്കും പാര പണിയുക എന്നൊരു ഉദ്ദേശവും കൊണ്ട് നടക്കുന്ന ഒരാളുണ്ട്..മൂരു എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മൂരാച്ചി.കവിതയെക്കുറിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും മറ്റുള്ളവര്‍ക് നല്ല പാരയും വെച്ചു അങ്ങേരും പോയി.ഇത്തവണത്തെ കമന്റ്‌ ന്റെ ക്വാട്ട തീര്‍ന്നു ,എല്ലാവരും അടങ്ങി എന്ന് സമാധാനിച്ചു ഇരിക്കുമ്പോള്‍ അതാ വരുന്നു..തീവണ്ടിയില്‍ നിന്നും ഇപ്പൊ ചാടും എന്ന മട്ടില്‍ ഒരു ഫോട്ടോയും ഒക്കെയായി ഒരാള്‍..ഒറ്റ നോട്ടത്തില്‍ ആളെ പിടികിട്ടി.വായാടി പറഞ്ഞ കാമ്പുള്ള കവിതകളുടെ ഉടമസ്ഥന്‍! കഴിഞ്ഞ ദിവസം പോയി കവിത വായിച്ചതും പോരാഞ്ഞു അവിടെ കമന്റ്‌ അടിച്ച കാര്യം അപ്പോഴാണ് എനിക്ക് ഓര്മ വന്നത്.സാമാന്യം നല്ല കമന്റ്സ് തന്നെ എഴുതിയിട്ടുണ്ട്.ചങ്കിടിപ്പോടെ ഞാന്‍ അത് വായിച്ചു തീര്‍ത്തു.ഓരോ വാക്കുകളിലൂടെയും കടന്നു പോയപ്പോള്‍ അങ്ങേരുടെ ബ്ലോഗ്‌ ഇല്‍ പോയി കവിതയ്ക്ക് കമന്റ്‌ അടിച്ച എന്റെ ബുദ്ധിയെ ഞാന്‍ പ്രാകി!എന്റെ സമയമില്ലായ്മയിലും ആ കമന്റ്‌ ഞാന്‍ ഇടയ്ക്കിടെ വായിച്ചു നോക്കുന്നുണ്ടായിരുന്നു.ആദ്യം എനിക്ക് തോന്നിയതെന്താണെന്നു വെച്ചാല്‍..."വീണ്ടും ചില വീട്ടുകാര്യങ്ങള്‍' എന്ന സിനിമയില്‍ ജയറാം ലോഹിതദാസ് നോട് പറയുന്ന ഒരു ഡയലോഗ് ആണ്.."ഡോ..താടീ...തന്നെ ഞാന്‍ എടുത്തോളാം ട്ടോ..".ഒടുവില്‍ അതിനൊരു മറുപടി എഴുതിയപ്പോഴാണ് എനിക്കൊരു ആശ്വാസം ആയതു.ഇനിയും കമന്റുകള്‍ ഏറ്റു വാങ്ങാന്‍ ഞാനും എന്റെ ബ്ലോഗ്‌ ഉം ബാക്കി...ഒരു ബ്ലോഗറുടെ ഓരോരോ ദുഃഖങ്ങള്‍..ഇപ്പോള്‍ ഞാന്‍ വഷളനെ പോലെ പാടി നടക്കുകയാണ്..'എപ്പോഴെന്നറിയില്ല..എന്നാണെന്നറിയില്ല....എങ്ങു നിന്നാണെന്നു അറിയില്ലാ...".
(ഒരു നേരമ്പോക്കിന് എഴുതിയതാണ്..ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു.:).)

Thursday, 8 April 2010

സ്വപ്നം

നിദ്രയുടെ ആഴങ്ങളില്‍
സ്വപ്നങ്ങളുടെ നീരാളിപ്പിടുത്തം
ഇടവഴിയുടെ ഇരുട്ടില്‍,
സന്ധ്യയുടെ നിഴലില്‍
നീയും ഞാനും..
മിഴികള്‍ നിറയും മുന്‍പേ
അധരം വിതുമ്പും മുന്‍പേ
എന്നെ തനിച്ചാക്കി
നീ നടന്നകന്നു..
ഒരു നിമിഷത്തിന്റെ,
ഒരു വര്‍ഷത്തിന്റെ,
ഒരായിരം ജന്മങ്ങളുടെ
വേദനയിലേക്ക് ഞാന്‍..
സ്വപ്‌നങ്ങള്‍ എപ്പോഴും
അങ്ങനെയാണ്...
സ്നേഹത്തിനും ദുഖത്തിനും
നിമിഷായുസ്സ് !
വേര്‍പെടലിന്റെ വേദനയില്‍
പുലരി തെളിഞ്ഞു.
അപ്പോഴേക്കും....
ഇന്നലെയുടെ നിലാവും
ആമ്പലും മയങ്ങിയിരുന്നു..
ഇന്നിന്റെ സൂര്യന്‍
ഇന്നലെയുടെ താമരയോടു
പ്രണയം പറഞ്ഞു തുടങ്ങിയിരുന്നു..

Tuesday, 6 April 2010

അവസ്ഥ

അന്ന്..
പറന്നിട്ടും പറന്നിട്ടും
ചിറകു തലര്‍നില്ല..
കരഞ്ഞിട്ടും കരഞ്ഞിട്ടും
കണ്ണീരു തോര്‍നില്ല..
കണ്ടിട്ടും കണ്ടിട്ടും
കണ്ണ് നിറഞ്ഞില്ല..
പറഞ്ഞിട്ടും പറഞ്ഞിട്ടും
പദം തെറ്റിയില്ല...
നടന്നിട്ടും നടന്നിട്ടും
വഴി തീര്‍നീല...

ഒടുവില്‍....
പറക്കാതെ ചിറകു തളര്നു.
കരയാതെ കണ്ണീരുണങ്ങി.
കാണാതെ കണ്ണ് നിറഞ്ഞു.
പറയാതെ പദം ഇടറി.
നടക്കുവാന്‍ മാത്രം
ഇനിയും ഏറെ ദൂരം ബാക്കി...

Monday, 5 April 2010

നിര്‍വികാരത

മറവിയുടെ മൂടുപടം
കണ്ണീരിന്റെ കുത്തൊഴുക്കില്‍
വലിച്ചു ചീന്തപ്പെടുമ്പോള്‍ ...
നഷ്ടങ്ങളുടെ തുലാസിന്
ഭാരം ഏറുമ്പോള്‍.....
നിര്‍വികാരത!!
പറഞ്ഞതെല്ലാം അറിയാത്തതായി
നടിച്ചപ്പോഴും
പരയാതതെല്ലാം അറിഞ്ഞതായി
നടിച്ചപ്പോഴും
വീണ്ടും...
നിര്‍വികാരത.
ഇടറുന്ന തൊണ്ടയില്‍..
അമര്‍ത്തി വെച്ച
ഗദ്ഗദത്തില്‍...
ചിതറിപ്പോകുന്ന വാക്കുകളില്‍..
പതറിപ്പോകുന്ന മിഴികളില്‍ ...
അപ്പോഴും....
പറയാതെയും അറിയാതെയും
നെയ്തു കൂട്ടിയ
ഒരായിരം കനവുകളുടെ
തിളക്കം.
ഇന്നീ രാവില്‍ ...
ഏകാന്തതയുടെ യാമങ്ങളില്‍
ആ സ്വപ്നങ്ങളുടെ
ഓര്‍മ പുതപ്പും
പുതച്ചു ഞാനുറങ്ങട്ടെ...


Thursday, 1 April 2010

"ഭാര്യ"യും ഉര്‍വശിയും പിന്നെ ഞാനും !!

വിദേശ വാസത്തിന്റെ ബോറടിയില്‍ പെട്ട് ഉഴലുന്ന ഒരു സ്വദേശിയാണ് ഞാന്‍ .രെണ്ട്‌ മൂന്ന് മണിക്കൂര്‍ നീളുന്ന പാചകവും പിന്നെ സ്ഥിരം ഫോണിലൂടെയുള്ള "ഇന്ന് എന്താ അമ്മെ കറി " എന്ന് തുടങ്ങുന്ന സംഭാഷണങ്ങളുമായി ഓരോ ദിവസവും തള്ളി നീക്കുന്ന ഒരു പാവം വിദേശിയായ സ്വദേശി .അങ്ങനെയിരിക്കെ ഈ ബോറടിയില്‍ നിന്നും രേക്ഷപ്പെടാന്‍ വേണ്ടി പഴയ സിനിമകള്‍ കണ്ടാലോ എന്നൊരു ആശയം എന്റെ തലയിലുദിച്ചു.തല്‍ഫലമായി വൈകുന്നേരം ഞങ്ങള്‍ ...അതായതു ഞാനും എന്റെ പതിയും , "ഭാര്യ" എന്ന സിനിമ കാണാന്‍ തുടങ്ങി.തുടക്കം പതിവ് പോലെ ..സമാധാനപരം.കൂട്ടുകക്ഷി മറുനാടന്‍ മലയാളി ആയതു കൊണ്ട് പഴയ സിനിമകളുടെ ഒരു ആരാധകന്‍ ആണ്.കഥ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.ഒപ്പം കൂട്ടുകക്ഷിയില്‍ നിന്നും ഇടയ്ക്കിടെ എന്റെ നേരെയുള്ള രൂക്ഷമായ് നോട്ടം ഞാന്‍ ശ്രദ്ധിച്ചു.പക്ഷെ ഒരു നിഷ്കളങ്കയായ എനിക്ക് കാര്യം ഒന്നും പിടികിട്ടിയില്ല.ഈ നോട്ടത്തിന്റെ അര്‍ത്ഥമെന്താണെന്ന് കുറെ ആലോചിച്ചു നോക്കിയെങ്കിലും ഒന്നും ബുദ്ധിയില്‍ തെളിഞ്ഞില്ല.ഞാന്‍ ഓര്‍ത്തു..ഈശ്വരാഞാന്‍ അറിയാതെ എന്തെങ്കിലും ചെയ്യാന്‍ മറന്നു പോയോ..ഏയ്...ഒന്നും മറന്നിട്ടും ഇല്ല.ആ എന്തെങ്കിലും ആവട്ടെ..സിനിമ തുടരുന്നു..നായികയായ ഉര്‍വശിയുടെ കഥാപാത്രതിനോട് കൂട്ടുകാരിയുടെ കല്യാണത്തിന് പോകുമ്പോള്‍ ഉടുക്കാന്‍ സാരി ചോദിക്കുന്ന നായകന്‍റെ സഹോദരി. ആ രംഗം എത്തിയപ്പോഴേക്കും നമ്മുടെ കൂട്ടുകക്ഷിയുടെ കണ്ണുകള്‍ എന്റെ നേര്‍ക്ക്‌ നീണ്ടു.അത് വരെ ആകാംക്ഷ അടക്കി വെച്ച ഞാന്‍ ചോദിച്ചു.. "കുറെ നേരമായല്ലോ നോക്കി പേടിപ്പിക്കുന്നു..എന്താ കാര്യം?"മറുപടി ഇല്ല.ഞാന്‍ വീണ്ടും "എന്താ കാര്യം എന്ന് ".വരുന്നു മറുപടി ."എനിക്ക് ഈ ക്യരക്റെര്‍ നെ കാണുമ്പോള്‍ നിന്നെ പോലെ തോന്നുന്നു."പോരെ പൂരം.സ്വതവേ ദുര്‍ഗയും കാളിയുമൊക്കെ ആയ ഞാന്‍ ചാടിയെഴുന്നേറ്റു."ഞാന്‍ എന്ത് ചെയ്തിട്ടാ നിങ്ങള്‍ ഇങ്ങനെയൊക്കെ പറയുന്നത്?".എന്തിനു പറയുന്നു അമ്മയും പെങ്ങളും എന്റെ സരിയെടുത്തതും ഉടുത്ത്തതും ഡ്രൈ വാഷ്‌ ചെയ്യേണ്ട സാരി വാഷിംഗ്‌ മെഷീന്‍ ഇല്‍ ഇട്ടു കുളമാക്കിയതും തുടങ്ങി സകല സംഭവങ്ങളും ഞാന്‍ വര്‍ണിക്കാന്‍ തുടങ്ങി.അങ്ങേരു ഇതെല്ലാം കേട്ട് മിണ്ടാതിരിക്കുമോ.നാട്ടില്‍ പോയപ്പോള്‍ ഞാന്‍ പെങ്ങല്കും എനിക്കും വാങ്ങിയ ഡ്രസ്സ്‌ ഇല്‍ ഞാന്‍ നല്ലതെടുതുവെന്നും അവള്‍ക് മോശം കൊടുത്തുവെന്നും...അങ്ങനെ അങ്ങനെ....ഇതിനിടയില്‍ സിനിമ ഈ സീനിന്റെ പശ്ചാത്തലത്തില്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു.പറഞ്ഞു പറഞ്ഞു തൊണ്ട പൊട്ടിയപ്പോള്‍ അങ്ങേരു കുളിക്കാനും ഞാന്‍ അടുക്കളയിലേക്കും പോയി.പച്ചമുളക് ഇട്ട ചട്നിക്ക് എരിവുണ്ടോ എന്ന് നോക്കിയപ്പോള്‍ തൊണ്ട പുകഞ്ഞു.ആ നിമിഷത്തില്‍ ഞാന്‍ ഓര്‍ത്തു.ഒരു സിനിമ വരുത്തി വെച്ച പോല്ലാപ്പേ..
അന്ന് മുതല്‍ ഞാന്‍ നെറ്റ് ഇല്‍ "സ്ത്രീധനം" എന്ന സിനിമ അന്വേഷിക്കികയാണ്.ഇതിനു ഒരു മറുപടി നമുക്കും കൊടുക്കേണ്ടേ???!!!!

വാല്‍കഷ്ണം:ഇതൊക്കെയായാലും ഞാന്‍ ഈ പോസ്റ്റ്‌ എഴുതുന്ന സമയത്ത് കൂട്ടുകക്ഷി അടുക്കളയില്‍ നെയ്‌ റോസ്റ്റ് ഉം ചട്നിയും ഉണ്ടാക്കുകയാണ്.(ഇന്ന് ഒരു ദിവസത്തേക്കാണ് കേട്ടോ..തെറ്റിദ്ധരിക്കരുത്!!)