Thursday, 28 April 2011

സ്വപ്നാടനം


ഇന്നലെയും എന്റെ സ്വപ്നത്തില്‍ നീയായിരുന്നു..
എന്റെ മനസ്സില്‍ വിരിയാതെ പോയ
ഒരായിരം മഴവില്ലുകള്‍ക്ക്
ഏഴു വര്‍ണങ്ങള്‍ കൊണ്ട് നിറം പകര്‍ന്ന്,
മൃതിയിലാണ്ട് പോയ ജീവനില്‍
പ്രണയ വര്‍ണങ്ങള്‍ കൊണ്ട്
ഒരിക്കലും മായ്ക്കാനാകാത്ത
സപ്നചിത്രങ്ങള്‍ ചാലിച്ച്,
ജീവിതത്തിനും സ്വപ്നത്തിനും ഇടയിലെ
നനുത്ത മഞ്ഞുരേഖ വകഞ്ഞു മാറ്റി
പ്രണയത്തിന്റെ ജ്വാലകള്‍ കൊണ്ട്
എന്നെ നീ ആലിംഗനം ചെയ്തപ്പോള്‍
പ്രിയനേ..., നീ എനിക്ക്
ഒരു ജന്മത്തിന്റെ,ഏഴു ജന്മങ്ങളുടെ
പ്രണയം പകര്‍ന്ന് നല്‍കിയിരുന്നു.
ഇപ്പോള്‍ ഈ തണുത്ത രാവില്‍
നിദ്ര എന്റെ മിഴികളെ തളര്ത്തുമ്പോഴും
ഉള്ളിലാരോ മന്ത്രിക്കുന്നു...
ഇന്നും നീ വരുമെന്ന്,
നിന്റെ പ്രണയം കൊണ്ടെന്നെ
നിന്നിലേക്ക്‌ ആവാഹിക്കാന്‍...
ഈ കാത്തിരിപ്പു അവിരാമമാകില്ലെന്ന
പ്രതീക്ഷയോടെ, ഇനി ഞാന്‍ ഉറങ്ങട്ടെ!!

Sunday, 24 April 2011

മൃതി


തൊട്ടടുത്ത്‌ വന്നു കൈ നീട്ടി തൊടാന്‍ കൊതിക്കുന്നു..
എന്റെ വഴിത്താരയില്‍ നിഴലായ് പതുങ്ങി നില്കുന്നു..
ഒരു കളിക്കൂട്ടുകാരന്റെ കുസൃതിയോടെ
ഓടിമറഞ്ഞു ഒളികണ്ണാല്‍ നോക്കുന്നു...
പലപ്പോഴും തൊട്ടു തൊട്ടീല..എന്ന പോലെ..
മൃതി,നിന്റെ ശ്രിന്ഗാരം എന്നെ മോഹിപ്പിക്കുന്നു.
എങ്കിലും പലപ്പോഴും ,
നിന്റെ രൌദ്ര ഭാവം എന്നെ ഭയപ്പെടുത്തുന്നു.
നിന്നിലേക്ക്‌ വരാന്‍ കൊതിച്ചും,
നിന്നില്‍ നിന്നകലാന്‍ ശ്രമിച്ചും,
നിന്നെ ഭയപ്പെട്ടും,
നിന്നെ ശപിച്ചും
ഈ യാത്ര നിന്നിലേക്ക്‌ തന്നെ
എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞും...
നിന്നെ സ്നേഹിക്കാന്‍ കഴിയാതെ ഞാന്‍....

Tuesday, 19 April 2011

തിരിച്ചറിവ്


നീയും ഞാനും ഇന്നലെ വരെ
പങ്കു വെച്ചത് എന്തായിരുന്നു?
സ്നേഹമോ പ്രണയമോ
അതോ സ്വാര്‍ത്ഥതയോ?
നീ,നീ മാത്രമെന്ന ബോധമോ
ഞാന്‍, ഞാന്‍ മാത്രമെന്ന തിരിച്ചറിവോ?
ഇന്നലെയുടെ വികാരങ്ങളെ
ഇന്നിന്റെ തിരിച്ചറിവ്
കീറി മുറിക്കുമ്പോള്‍
നഷ്ടമാകുന്നത്...
എന്റെയും നിന്റെയും പ്രണയമാണ്...
അതിലുറച്ച വിശ്വാസങ്ങളാണ്..
കൂടെ....,ഞാന്‍ നീ ആണെന്നും
നീ ഞാന്‍ ആണെന്നും
വിശ്വസിച്ച എന്റെ മനസ്സും...!!!

Wednesday, 6 April 2011

ഇന്ന് പെയ്ത മഴയില്‍
ഇന്നലെയുടെ ഓര്‍മ്മകള്‍ അലിഞ്ഞില്ലാതാകവേ..
മഴത്തുള്ളികളില്‍ മിഴിനീര്‍കണങ്ങള്‍
ചിതറി വീണു ഒഴുകവേ. ..
വ്യര്‍ത്ഥം ആണെങ്കിലും പിന്നെയും
പിന്നെയും സ്വപ്നത്തിന്റെ തീനാളങ്ങള്‍
ആത്മാവിനു ജീവന്‍ നല്‍കവേ . ..
മഴയില്‍ കുതിര്‍ന്നു പോയ ഒരായിരം ചോദ്യങ്ങള്‍ക്
ഉത്തരമില്ലാതെ സ്വപ്നങ്ങളുടെ നിഴലില്‍ ഞാന്‍ . ..!!

Wednesday, 28 July 2010

മഴ

മഴ പെയ്യുന്നു...
അശാന്തമായി.
കൊടുങ്കാറ്റും,മിന്നലും
ഇടിമുഴക്കവും....
മഴയേകിയ സ്വപ്നങ്ങളില്‍
മണ്ണില്‍ ജീവന്റെ പുതു സൃഷ്ടി.
മഴയുടെ രൌദ്രഭാവത്തില്‍
മണ്ണില്‍ ജീവന്റെ വിലാപം.
മഴയുടെ നനവുള്ള രാത്രികളില്‍
ജനലഴികളുടെ തണുപ്പില്‍
മുഖം ചേര്‍ത്ത്
എന്തിനെന്നറിയാതെ
അന്ധകാരത്തിന്റെ ശൂന്യതയില്‍
ആരെയോ പ്രതീക്ഷിച്ച മനസ്സ്!
മഴയുടെ രൌദ്രത
മനസ്സിലേക്കും..
ഭ്രാന്തമായ പൊട്ടിച്ചിരികളും,
നിലക്കാത്ത അലറികരച്ചിലും-
മനസ്സില്‍ രുദ്ര താണ്ടവം!
ചിന്തകളില്‍ നിന്നും
ഉടലെടുത്ത കഴുകന്മാര്‍
തലച്ചോര്‍ കൊത്തിയെടുക്കുന്നു.
വേദന-സപ്ത നാഡികളും
നിശ്ചലമാക്കപ്പെടുന്നു.
രാവെന്നോ പകലെന്നോ
അറിയാതെ നാളുകള്‍
ഒടുവില്‍ എപ്പോഴോ
എല്ലാം ശാന്തം.
മഴയും മനസ്സും വീണ്ടും..
ലാസ്യത്തിന്റെ ആലസ്യത്തിലേക്ക്.

Thursday, 24 June 2010

അമ്മയും അമ്മൂമ്മയും പിന്നെ വി.വിയും!!

ഞാന്‍ മുന്‍പൊരു പോസ്റ്റില്‍ പറഞ്ഞത് പോലെ എന്റെ ഓരോ ദിവസവും ആരംഭിക്കുന്നത് നാട്ടിലേക്കുള്ള ഫോണ്‍ വിളിയിലൂടെയാണ്.പ്രഭാത ഭക്ഷണം ഉണ്ടാക്കി അതെടുത്തു ലാപ്ടോപ് നു മുന്നില്‍ വെച്ച് മാതൃഭുമിയുടെ വെബ്‌ പേജ് തുറന്നു വെക്കുകയും ചെയ്‌താല്‍ നാട്ടിലേക്കുള്ള ഫോണ്‍ വിളിയുടെ പശ്ചാത്തലം റെഡി ആയി.പിന്നെ മുഴവന്‍ കലപില കലപില തന്നെ.അമ്മയോട് സംസാരിക്കാതെ ഒരു ദിവസം തുടങ്ങുന്നത് എനിക്ക് ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ്.അതിങ്ങനെ വലിയ തടസങ്ങള്‍ ഒന്നും ഇല്ലാതെ തുടര്‍ന്ന് കൊണ്ടിരുന്നു.പക്ഷെ ഈയിടെ നടന്ന ഒരു സംഭവം എന്നെ ഞെട്ടിച്ചു കളഞ്ഞു.അതിന്റെ ഷോക്കില്‍ ഞാന്‍ ബൂലോകം തന്നെ മറന്നു പോയി.

പല റിയാലിറ്റി ഷോകളും ടെലിവിഷനില്‍ ഉണ്ടെങ്കിലും അതൊന്നും കണ്ടിരിക്കാന്‍ ഉള്ള ക്ഷമ എനിക്കുന്ടാവാറില്ല.അതൊക്കെ അതിന്റെ വഴിക്കും ഞാന്‍ എന്റെ വഴിക്കും!കാര്യത്തിലേക്ക് വരാം.പതിവ് പോലെ ഞാന്‍ വീട്ടിലേക്കുള്ള ഫോണ്‍ വിളിയുടെ പശ്ചാത്തലം ശരിയാക്കി.(ഫോണ്‍ ഫ്രീ ആയതു കൊണ്ട് ദിവസവും വിളിച്ചു വീട്ടുകാരെ ഞാന്‍ കഷ്ടപ്പെടുത്താരുണ്ട്).ഒന്ന് രണ്ടു റിംഗ് നു ശേഷം മാതാവ് ഫോണ്‍ എടുക്കുകയും ചെയ്തു.അന്നെന്തോ പതിവില്ലാതെ ഞാന്‍ കുറച്ചു വൈകിയാണ് വിളിച്ചത്.ഫോണ്‍ വിളിയില്‍ ഉടനീളം അമ്മക്കെന്തോ ഒരു ധൃതി ഉള്ളതായി എനിക്ക് അനുഭവപ്പെട്ടു.ഞാന്‍ വിചാരിച്ചു മഴക്കാലം ഒക്കെ അല്ലെ..വല്ല ഇടിയോ മിന്നലോ ഒക്കെ ഉള്ളത് കൊണ്ട് ഫോണെടുക്കാന്‍ ഭയം ആയിരിക്കും എന്ന്!ഞാന്‍ എന്റെ കലപില തുടര്‍ന്ന് കൊണ്ടിരുന്നു.പെട്ടെന്നാണ് അത് സംഭവിച്ചത്.അമ്മ പറയുന്നു.."വേറൊന്നും ഇല്ലല്ലോ..എങ്കില്‍ നാളെ സംസാരിക്കാം...ഇപ്പോള്‍ വി.വി യുടെ പാട്ടുണ്ട്."ഞാന്‍ ഞെട്ടി.ഇതേതു പുതിയ പാര."വി വി...ആരാണത്?"ഞാന്‍ ചോദിച്ചു.അത്രയും കേള്‍ക്കാന്‍ നില്‍ക്കാതെ അമ്മ ഫോണ്‍ വെച്ചു.ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഇലെ പുതിയ ഒരു സ്റ്റാര്‍ ആണെന്ന് പിന്നീട് ഞാന്‍ നടത്തിയ അന്വേഷണത്തില്‍ മനസിലായി.പോട്ടെ....അമ്മയില്ലെന്കിലെന്താ നമുക്ക് കത്തി വെക്കാന്‍ അമ്മൂമ്മയുണ്ടല്ലോ.ഞാന്‍ ആശ്വസിച്ചു.ആദ്യത്തെ വിളിയുടെ ക്ഷീണം മാറ്റാന്‍ അമ്മൂമ്മയെ വിളിച്ചു.ദേ....ഞാന്‍ പിന്നേം ഞെട്ടി.അവിടെയും വി.വി.തന്നെ താരം!..പോട്ടെ വലിയമ്മയെ വിളിക്കാം...അവിടെ ഫോണ്‍ എടുത്തത്‌ തന്നെ കസിന്റെ മകനാണ്.ആളെ അന്വേഷിച്ചപ്പോള്‍ അമ്മൂമ്മയും അപ്പൂപ്പനും മുകളില്‍ ഇരുന്നു ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കാണുന്നു എന്ന് പറഞ്ഞു.പിള്ളേരുടെ ഉപദ്രവം കാരണം ഈ പരിപാടി കാണാന്‍ പറ്റാത്തത് കൊണ്ട് മുകളിലത്തെ നിലയില്‍ വേറെ ടെലിവിഷന്‍ ഒരെണ്ണം വാങ്ങി വെച്ചുവത്രേ!ഇത്രേം ഒക്കെ ആയപ്പോള്‍ എനിക്ക് നാട്ടിലെ "സംഗതികളുടെ" ഒരു ഏകദേശ ധാരണ കിട്ടി.അതിനു ശേഷം ഞാന്‍ ഫോണ്‍ വിളി പരിപാടി കുറച്ചു കൂടെ നേരത്തെയാക്കി.എന്നാലും, ഒന്നോര്തിട്ടു സഹിക്കുന്നില്ല..വീട്ടിലെ താരമായിരുന്ന എന്നെ വി.വി.യും ഏഷ്യാനെറ്റ് ഉം ചേര്‍ന്ന് വെറും ചാരമാക്കി കളഞ്ഞല്ലോ...എന്നാലും വി.വി...എന്നോടിത് വേണ്ടായിരുന്നു.!!

Thursday, 10 June 2010

ആവര്‍ത്തനം

നിറഞ്ഞ മിഴിക്കും
മറഞ്ഞ കാഴ്ചയ്ക്കും
ഇടയില്‍...
മഴത്തുള്ളികള്‍.
തീവ്ര പ്രണയത്തിന്റെയും,
വിലപിക്കുന്ന വിരഹത്തിന്റെയും,
അസ്തമിക്കുന്ന ജീവന്റെയും,
ചോരത്തുള്ളികള്‍...
പ്രണയവും വിരഹവും
ആത്മാവിനെ കാര്‍ന്നു തിന്നിട്ടും..
ഇന്നലെകളില്ല്ലാതെ,
എന്റെ ജീവനും
നിന്റെ പ്രതീക്ഷയും
വീണ്ടും പ്രണയത്തില്‍...